മലയാളികളെ ത്രസിപ്പിച്ച ഐ.വി.ശശി-ടി.ദാമോദരന്‍ കൂട്ടുകെട്ട്

0
79

ഒരുകാലത്ത് മലയാളികളെ ത്രസിപ്പിച്ച കൂട്ടുകെട്ടായിരുന്നു ഐ.വി.ശശി-ടി.ദാമോദരന്‍ എന്നത്. ഒട്ടേറെ ജനപ്രിയ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നത്.

1976ല്‍ ശശി സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിനാണ് ടി.ദാമോദരന്‍ ആദ്യമായി തിരക്കഥ രചിക്കുന്നത്. പിന്നീട് 1980ല്‍ ‘അങ്ങാടി’യില്‍ തുടങ്ങി 1983ല്‍ ‘അമേരിക്ക അമേരിക്ക’ വരെ മൂന്ന് വര്‍ഷം ശശി സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍ക്ക് ദാമോദരനാണ് തിരക്കഥ രചിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 1985ല്‍ ‘അങ്ങാടിക്കപ്പുറത്ത്’ തൊട്ട് 1988ല്‍ ‘1921’ എന്ന ചിത്രം വരെ ശശിയുടെ ഒമ്പത് ചിത്രങ്ങങ്ങളുടെ തിരക്കഥ എഴുതിയത് ടി.ദാമോദരനായിരുന്നു.

എന്നാല്‍ പിന്നീട് വെറും നാല് തിരക്കഥകള്‍ മാത്രമാണ് ദാമോദരന്‍ ശശിയ്ക്കുവേണ്ടി എഴുതിയത്. ഇതില്‍ 2006ല്‍ ശശി സംവിധാനം ചെയ്ത ‘ബല്‍റാം Vs താരാദാസ്’ എന്ന ചിത്രമായിരുന്നു അവസാനത്തേത്. ഈ ചിത്രത്തില്‍ ശശി ഏറെ പ്രതീക്ഷ വെച്ചിരുന്നെങ്കിലും ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

അന്ന് വളര്‍ന്നുവരുന്ന താരങ്ങളായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഇവരുടെ ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശശി-ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്നതില്‍ മിക്കതും രാഷ്ട്രീയ ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇത് ജനപ്രിയ ചിത്രങ്ങളുമായിരുന്നു. ഇതില്‍ ഭൂരിപക്ഷവും ആ കാലത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘അങ്ങാടി’യില്‍ ജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ‘may be we are coolies…’ എന്ന് തുടങ്ങുന്ന സംഭാഷണം അതിപ്രശസ്തമായിരുന്നു. ഇതുപോലെ സാധാരണക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ചെയ്തിട്ടുള്ളത്. ആ കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു ശശി-ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍.

ടി.ദാമോദരന്‍ 2012ല്‍ അന്തരിച്ചിരുന്നു. ഇന്ന് ഐ.വി.ശശി കൂടി മരിച്ചതോടെ ഈ കൂട്ടുകെട്ട് പൂര്‍ണമായും ഓര്‍മയായി മാറി.