രഞ്ജിയില്‍ രോഹനും സക്‌സേനയ്ക്കും അര്‍ധ സെഞ്ച്വറി; കേരളം ഭദ്രമായ നിലയില്‍

0
36

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരെ കേരളം ഭദ്രമായ നിലയില്‍. ആദ്യ ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു നില്‍ക്കുകയാണ് കേരളം. രണ്ടാം വിക്കറ്റില്‍ ജലജ് സക്സേന-രോഹന്‍ പ്രേം കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആതിഥേയര്‍ക്ക് മികച്ച അടിത്തറ നല്‍കിയത്.

രോഹന്‍ പ്രേം 237 പന്തില്‍ നിന്ന് 86 റണ്‍സെടുത്തും ജലജ് സക്സേന 157 പന്തില്‍ നിന്ന് 79 റണ്‍സെടുത്തും പുറത്തായി. 25 റണ്‍സെടുത്ത സഞ്ജു സാംസണും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍.

ഓപ്പണര്‍ വിഷ്ണു വിനോദിനെ ഒന്നാമത്തെ ഓവറില്‍ തന്നെ കേരളത്തിന് നഷ്ടമായി. രണ്ടു റണ്‍സായിരുന്നു വിഷ്ണുവിന്റെ സമ്പാദ്യം. എട്ടു ഫോറുകളുടേയും രണ്ട് സിക്സറുകളുടേയും അകമ്പടിയോടെയാണ് ജലജ് സക്സേന 79 റണ്‍സടിച്ചത്. രോഹന്‍ പ്രേമിന്റെ ഇന്നിങ്സില്‍ പത്ത് ഫോറുകള്‍ പിറന്നു. രാജസ്ഥാനുവേണ്ടി പങ്കജ് സിങ്, ആര്‍.ബി ബിഷ്ണോയ്, എം.കെ.ലോംറോര്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും ഒരു തോല്‍വിയും സ്വന്തമായ കേരളം ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി രണ്ടാമതാണ്.