രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ധനമന്ത്രി

0
47

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തികച്ചും ഭദ്രമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ നേട്ടമുണ്ടായിട്ടുണ്ട്. വരും വര്‍ഷങ്ങളിലും നിലവിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കാത്ത് സൂക്ഷിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ വികസിപ്പിക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിഎസ്ടി അടക്കമുള്ള സാമ്പത്തിക മാറ്റം മൂലം പ്രതിസന്ധി അനുഭവിക്കുന്ന ചെറുകിട ഇടത്തരം വ്യാപാരികളെ സഹായിക്കുന്നതിനാണ് ഇതുപയോഗിക്കുക. വിലക്കയറ്റം മൂന്നര ശതമാനത്തിന് മുകളില്‍ കൂടില്ലെന്നും ധനമന്ത്രി ഉറപ്പുനല്‍കി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ശരാശരി 7.5 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 83,677 കി.മീറ്റര്‍ ദേശീയപാത നിര്‍മിക്കും. ഇതിന് ഏഴ് ലക്ഷം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നു.