തിരുവനന്തപുരം: ഇന്ത്യന്‍ വാണിജ്യ സിനിമകളില്‍ ഒരു ഇതിഹാസം പോലെ നിലയുറപ്പിച്ച സംവിധായകനായിരുന്നു ഐ.വി.ശശിയെന്നു സംവിധായകന് വിനയന് 24 കേരളയോടു പറഞ്ഞു.
ജീവിതത്തില്‍ ഗുരുക്കന്മാരായി കണ്ട മൂന്നുപേരില്‍ ജീവിച്ചിരുന്നത് ശശിയേട്ടന് മാത്രമായിരുന്നുവെന്ന് വിനയന് പറഞ്ഞു. ആ ശശിയേട്ടനും ഇപ്പോള്‍ കടന്നു പോയിരിക്കുന്നു. വിനയന് പറഞ്ഞു.
ഭരതേട്ടന്, പത്മരാജന്, ശശിയേട്ടന്. ഇവരെയാണ് ഞാന്‍ ഗുരുക്കന്മാരായി കണ്ടത്. ഭരതേട്ടനും, പത്മരാജനും ആദ്യമേ വിടപറഞ്ഞു. ഈ മൂന്നുപേരില്‍ സിനിമാരംഗത്ത് ജീവിച്ചിരുന്നത് ശശിയേട്ടന് മാത്രമായിരുന്നു.ആ ശശിയേട്ടനും യാത്രയായിരിക്കുന്നു.
പഴയ കാലത്ത് രണ്ടു, മൂന്നു തവണ ഞാന്‍ ശശിയേട്ടനെ നേരിട്ട് കണ്ടിരുന്നു. ശശിയേട്ടന്റെ സിനിമകളില്‍ സംവിധാന സഹായിയാകാനാണ് അന്ന് കണ്ടു മുട്ടിയിരുന്നത്. പക്ഷെ അന്ന് അസിസ്റ്റന്റുമാര്‍ ഉണ്ടായിരുന്നു. കണ്ടുമുട്ടിയ സമയത്ത് ശശിയേട്ടന് എന്നെ ഒരു സിനിമയില്‍ അഭിനയിപ്പിക്കുകകൂടി ചെയ്തു.
ഇടനിലങ്ങള്‍ ഷൂട്ട് ചെയ്ത സമയത്തായിരുന്നു ആ കൂടിക്കാഴ്ച. പിന്നീട് ഞാന്‍ സംവിധായകനായി മാറി. ശിപായി ലഹള തിയേറ്ററില്‍ വന്നപ്പോള്‍ അത് കണ്ടു എന്നെ വിളിച്ചു അഭിനന്ദിച്ചു. പിന്നീട് എന്റെ സിനിമകള്‍ വന്നാല്‍ ശശിയേട്ടന് വിളിക്കുമായിരുന്നു.
ഞാന്‍ മാക്ട ചെയര്മാന് ആയി മാറിയപ്പോള്‍ ശശിയേട്ടന് ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എന്നെ വിളിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. സംഘടനാ പ്രശ്നം വന്നപ്പോള്‍, ഒറ്റയാനായി നിലയുറപ്പിച്ചപ്പോള്‍ എനിക്ക് ധാര്‍മിക പിന്‍ബലം നല്കി. എന്നോടൊപ്പം ഉറച്ചു നിന്നു.
സിനിമാ സംഘടനകള്‍ എന്നെ വിലക്കിയപ്പോള്‍ ഇടവേളകളില്‍ വിളിക്കുമായിരുന്നു. സിനിമയില്‍ ഉറച്ച് നില്ക്കാന് എനിക്ക് പ്രേരണ നല്കി. സിനിമയാണ് യാഥാര്‍ത്ഥ്യം എന്ന് പറഞ്ഞു. മറ്റൊന്നും കണക്കിലെടുക്കേണ്ടതില്ലാ എന്നും പറഞ്ഞു. സിനിമ ഇന്നല്ലെങ്കില്‍ നാളെ വരും. ഒരു വ്യക്തിയായി ജീവിച്ച് മരിക്കുകയാണ് വേണ്ടതെന്ന് ഐ.വി.ശശി ഓര്‍മിപ്പിച്ചതായി വിനയന് പറഞ്ഞു.