ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

0
35


ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ ഷെറിന്‍ മാത്യുസ് എന്ന ഇന്ത്യന്‍ ബാലിക കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് അറസ്റ്റില്‍. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നതിനുള്ള തെളിവുകള്‍ കിട്ടിയതോടെയാണ് അറസ്റ്റ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ വെസ്ലി മാത്യൂസ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

പാലു കുടിക്കാത്തതിന് ശിക്ഷയായി വീടിനു പുറത്ത് നിര്‍ത്തിയപ്പോള്‍ ഷെറിനെ കാണാതായി എന്നായിരുന്നു വെസ്ലി മാത്യൂസ് നല്‍കിയ ആദ്യ മൊഴി. എന്നാല്‍ പുതിയ മൊഴി എന്താണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഷെറിന്റെ മരണം സംഭവിച്ചത് വീട്ടില്‍ വച്ചാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി വീട്ടില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി 47 വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

മാതാപിതാക്കളായ വെസ്ലിയേയും സിനിയേയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും പരിക്കേറ്റിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെസ്ലി മാത്യൂസിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പൊലീസിന് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. പാല് കുടിക്കാത്തതിന് ശിക്ഷയായി കുട്ടിയെ വീടിന് പുറത്ത് നിര്‍ത്തിയതിന്റെ പേരില്‍ വെസ്ലി മാത്യൂസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു.

കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഷെറിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്നാണ് ഷെറിനെ എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും കുടുംബവും ദത്തെടുത്തത്. കുട്ടിക്ക് നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവും ഉണ്ടായിരുന്നു.

ഒക്ടോബര്‍ ഏഴാം തീയതിയാണ് ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നു മണിക്ക് വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസ് പൊലീസിനെ അറിയിച്ചത്. പാലു കുടിക്കാത്തതിനെ തുടര്‍ന്ന് ശിക്ഷയായി കുട്ടിയെ പുലര്‍ച്ചെ മൂന്നുമണിക്ക് പുറത്ത് നിര്‍ത്തി എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പൊലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും സംശയത്തിനിട നല്‍കുന്നു.