ലോസ് ആഞ്ചലീസ്: ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമെതിരെ പീഢനക്കേസില്‍ 38 സ്ത്രീകള്‍ പരാതകി നല്കി. ഓസ്കര് നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനും ആയ ജയിംസ് ടൊബാക്കിനെതിരെയാണ് പരാതി.
സിനിമയില്‍ താരങ്ങളാക്കാമെന്ന് വാഗ്ദാനം നല്കി ലൈംഗികമായി പീഢിപ്പിച്ചുവെന്നാണ് ജയിംസിനെതിരെ 38 സ്ത്രീകള്‍ പരാതി നല്‍കിയത്. അശ്ലീലമായ കാര്യങ്ങള്‍ പറയുകയും അശ്ലീലമായ പ്രവര്‍ത്തികള്‍ തങ്ങള്‍ക്ക് മുന്പില് വച്ച് ചെയ്യുന്നു എന്നുമാണ് സ്ത്രീകള്‍ ആരോപിക്കുന്നത്.
നടിമാരായ ഇക്കോ ഡനാന്, ടെറി കോണ്‍, ലൂയിസ് പോസ്റ്റ് തുടങ്ങിയവരും സംവിധായകനെതിരെ പരസ്യമായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള പരാതികളില്‍ കഴമ്പില്ലെന്നും പലരെയും താന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും ടൊബോക്ക് പറയുന്നു.
1989 ല്‍ സ്പൈ മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ ഇദ്ദേഹത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കാലത്ത് തെരുവില്‍ കാണുന്ന സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടായിരുന്നുമെന്നായിരുന്നു അന്നത്തെ ആരോപണം.
ഹര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ജയിംസ് പത്രപ്രവര്‍ത്തകനായിരുന്നു. 1966 മുതല്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ജോലിയെടുത്തിരുന്നു.
1974 ല്‍ പുറത്തിറങ്ങിയ ജയിംസ് കാന്‍ നായകനായ ക്രൈം ത്രില്ലര്‍ ‘ദ് ഗാംബ്ലര്‍’ ജയിംസിന്റെ തിരക്കഥയിലായിരുന്നു ഒരുങ്ങിയത്. 1991ല്‍ പുറത്തിറങ്ങിയ ബഗ്സി ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചു. ബഗ്സിക്ക് 10 ഓസ്കര് നോമിനേഷന് ലഭിച്ചിട്ടുണ്ട്.