സുപ്രീം കോടതിയ്ക്കും മടുത്ത ‘ദേശഭക്തി’

0
67

കെ.ശ്രീജിത്ത്‌

ദേശഭക്തി തെളിയിക്കാന്‍ സിനിമാ തിയേറ്ററില്‍ എഴുന്നേറ്റുനില്‍ക്കണമെന്ന സ്വന്തം ഉത്തരവ് ഒടുവില്‍ സുപ്രീം കോടതിയ്ക്കുതന്നെ മടുത്തിരിക്കുന്നു. അത്രയും നല്ലത്. എന്നാലും ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കാന്‍ കോടതി തയ്യാറായിട്ടില്ല. ഉത്തരവിന്റെ നിര്‍ബന്ധിത സ്വഭാവം മാത്രം ഒഴിവാക്കുമെന്നാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നിലപാട്.

‘ദേശീയഗാനം വെയ്ക്കുമ്പോള്‍ തിയേറ്ററില്‍ എഴുന്നേറ്റുനിന്ന് ദേശഭക്തി പ്രദര്‍ശിപ്പിക്കണമെന്നാണെങ്കില്‍ നാളെ മുതല്‍ സിനിമാ തിയേറ്ററില്‍ ടീ ഷര്‍ട്ടും ഷോട്ട്‌സും ഇടരുതെന്നും ഇട്ടാല്‍ അത് ദേശീയഗാനത്തെ അവഹേളിക്കലാകുമെന്നും പറയും. ഇൗ സദാചാര പൊലീസിങ് എവിടെച്ചെന്ന് നില്‍ക്കും?’

ദേശഭക്തി അടിച്ചേല്പിക്കുന്നത് സദാചാര പൊലീസിങ് ആണെന്ന് കോടതിയ്ക്ക് വൈകിയാണെങ്കിലും മനസിലാകുന്നു എന്നുവേണം ഈ പരമാര്‍ശങ്ങള്‍ കൊണ്ട് നാം മനസിലാക്കേണ്ടത്. ഇതുതന്നെയാണ് ഈ മഹാരാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്. ഇവിടുത്തെ സംഘപരിവാര്‍-ഹിന്ദുത്വ ശക്തികള്‍ ‘ദേശീയഗാന വിധി’ ഉപയോഗിച്ച് കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങള്‍ മാത്രം ബാക്കിയാകുന്നു. പ്രഖ്യാപിത ‘ദേശഭക്തി’ കാണിക്കാത്തവരൊക്കെ പാകിസ്ഥാനില്‍ പോയി ജീവിക്കണമെന്നുപറഞ്ഞ് അധിക്ഷേപിച്ചിരുന്നത് നേരത്തെയുള്ള സുപ്രീം കോടതി വിധി ഉപയോഗിച്ചായിരുന്നു. എന്തുകിട്ടിയാലും അതിനെ വര്‍ഗീയമായി എങ്ങിനെ ഉപയോഗിക്കണമെന്ന് ചിന്തിക്കുന്ന അവര്‍ക്ക് സുപ്രീം കോടതി താലത്തില്‍ വെച്ചുനീട്ടിയ ഉപഹാരമായിരുന്നു ‘ദേശീയഗാന വിധി’. നമ്മുടെ സ്വന്തം കമലിനെ ‘കമാലുദ്ദീന്‍’ എന്നുവിളിച്ച് അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തുകയും ചെയ്തതുപോലുള്ള അസംഖ്യം ‘കാടത്ത’ങ്ങള്‍ക്ക് മാത്രമാണ് ഈ വിധി ഉപകരിച്ചതും. അല്ലാതെ ഏതെങ്കിലും ഒരു ‘ഭാരതീയ’ന്റെ മനസില്‍ പുതിയതായി ‘ദേശഭക്തി’ ഉണ്ടാക്കിയെടുക്കാനൊന്നും ഈ വിധി കാരണമായിട്ടില്ല. ഒരു ‘വിധി’ കൊണ്ട്‌ ആരുടെയെങ്കിലും മനസില്‍ ഏതെങ്കിലും തരത്തിലുള്ള ‘ഭക്തി’ ഉണ്ടാക്കിയെടുക്കാമെന്ന് വിചാരിക്കുന്നതുതന്നെ മണ്ടത്തരമാണ്.

‘സിനിമാ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ജനം എഴുന്നേറ്റു നില്‍ക്കണമെന്ന് ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തില്‍ വ്യവസ്ഥയില്ല. കാരണം വ്യക്തമാണ്. സിനിമാ തിയേറ്റര്‍ ഉല്ലാസത്തിനുള്ള സ്ഥലമാണ്. ജനം സിനിമാ തിയേറ്ററില്‍ പോകുന്നത് ഉല്ലസിക്കാനാണ്. സമൂഹത്തിനും ഉല്ലാസം ആവശ്യമാണ് ‘

അപ്പോള്‍ രാജ്യത്തെ നിയമവ്യവസ്ഥയിലില്ലാത്ത ഒന്നാണ് നേരത്തെ വിധിയായി സുപ്രീം കോടതി തന്നെ ഉത്തരവിട്ടതെന്ന് ഇന്നലത്തെ ഈ കോടതി പരമാര്‍ശത്തില്‍ നിന്ന് വ്യക്തമാണ്. 2016 നവംബര്‍ 30ന് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആയ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ദേശീയഗാനം അടിച്ചേല്പിച്ചുകൊണ്ട് ഉത്തരവിട്ടത്. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേട്ടതും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാണ്. മിശ്രയെ ഇരുത്തിക്കൊണ്ട് ബെഞ്ചിലെ മറ്റൊരു ജസ്റ്റിസ് ആയ ഡി.വൈ.ചന്ദ്രചൂഡ് ആണ് മുകളില്‍ പറഞ്ഞ കൃത്യമായ പരാമര്‍ശങ്ങള്‍ നടത്തിയത്. സിനിമാ തിയേറ്റര്‍ ഉല്ലാസത്തിനുള്ള സ്ഥലമാണെന്ന വീണ്ടുവിചാരം കോടതിയ്ക്ക് ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് ഉണ്ടായത്. സമൂഹത്തിന് ഉല്ലാസം ആവശ്യമാണെന്ന തിരിച്ചറിവും കോടതിയ്ക്കുണ്ടായിരിക്കുന്നു.

ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പരമോന്നത കോടതിയുടെ ഉത്തരവുകള്‍ ഈ മഹത്തായ രാജ്യത്തിന്റെ ഭാഗധേയം തന്നെ നിര്‍ണയിക്കാന്‍ കാരണമാകും. ആ നിലയ്ക്ക് വൈകിയുണ്ടാകുന്ന തിരിച്ചറിവുകള്‍ക്ക് ഈ രാജ്യത്തിനുണ്ടാക്കുന്ന പരിക്കുകളെ എത്രമാത്രം ഭേദമാക്കാന്‍ കഴിയുമെന്ന കാര്യം ആശങ്കയുളവാക്കുന്നു. പ്രത്യേകിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍. ഏകസ്വരതയും അസഹിഷ്ണുതയും ഏകാധിപത്യവും മാതൃകയായി സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നേതൃത്വം അധികാരം കൈയ്യാളുന്ന ഒരു സമൂഹത്തില്‍ പരമോന്നത കോടതിയില്‍ നിന്നുള്ള നേരിയ പരാമര്‍ശങ്ങള്‍ പോലും വളച്ചൊടിക്കപ്പെടുകയും അവരുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന് ഉപയോഗിക്കുമെന്നതും മറ്റാരെക്കാളും ബോധ്യമാകേണ്ടത് കോടതിയ്ക്കുതന്നെയാണ്. രാജ്യത്തിന്റെ മതേതരത്വത്തിന് ഏല്ക്കുന്ന സാരമായ പരിക്കുകള്‍ ഈ രാജ്യത്തിന്റെ വൈവിധ്യത്തിനുതന്നെ തിരിച്ചടിയാകുന്നവയാണ്. അത് പിന്നീടൊരിക്കലും പഴയതുപോലെ ആയെന്നുവരില്ല.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നിലപാട് തന്നെ ഇതിനുള്ള ഉദാഹരണമാണ്. ഏകരൂപം സാധ്യമാക്കാന്‍ സിനിമാ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുണ്ടതുണ്ട് എന്നാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതോടെ ഐക്യബോധമുണ്ടാകുമെന്നും തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് തങ്ങള്‍ ഇന്ത്യക്കാരാണെന്ന തോന്നലുണ്ടാകുമെന്നുമാണ് എജി വാദിച്ചത്. തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തോന്നാന്‍ രാജ്യത്തെ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടിവരുന്നു എന്ന സ്ഥിതിവിശേഷം തന്നെ ഈ രാജ്യത്ത് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. തങ്ങള്‍ ഭരിക്കുന്ന രാജ്യത്തെ പൗരന്‍മാര്‍ക്ക് ‘ദേശഭക്തി’ തോന്നാത്ത സാഹചര്യമുണ്ടെങ്കില്‍ അതിന് ഉത്തരം പറയേണ്ടത് ഭരണകൂടമാണ്. ഇതിനുമുമ്പും ഇൗ രാജ്യത്ത് ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നല്ലോ. അന്നൊന്നും ഇല്ലാത്ത ഒരു ‘പ്രത്യേക’ സാഹചര്യം ഇപ്പോഴുണ്ടെങ്കില്‍ ആ അന്വേഷണം കൊണ്ടെത്തിക്കുക ഈ രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേയ്ക്കാണ്.

മിഷനറി സ്‌കൂളുകളില്‍ ദേശീയഗാനം പാടുന്നില്ലെന്ന് വാദത്തിനിടെ ഒരു അഭിഭാഷകന്‍ പറഞ്ഞത്രെ. അതിന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞ മറുപടി പ്രസക്തമാണ്. ‘ ഞാനൊരു മിഷനറി സ്‌കൂളിലാണ് പഠിച്ചത്. ഞങ്ങള്‍ ദേശീയഗാനവും സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും പാടി. ഞങ്ങള്‍ക്ക് രണ്ടിനും തുല്യ പ്രാധാന്യമായിരുന്നു. സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങള്‍ മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമാണ് ലഭിക്കുന്നത്. കോടതിയുടെ ഉത്തരവുകളിലൂടെയല്ല’ എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്.

അദ്ദേഹം പറഞ്ഞതുപോലെ ‘ദേശഭക്തി’ ഏതെങ്കിലുമൊരു കോടതി ഉത്തരവിലൂടെ ലഭിക്കുന്നതല്ലെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് ഓരോ മനുഷ്യനിലും ജനിക്കുമ്പോള്‍ തന്നെ ഉള്‍ചേര്‍ക്കപ്പെടുന്നതാണ്. മനുഷ്യന്‍ മാത്രമല്ല മറ്റെല്ലാ ജീവികളും തങ്ങള്‍ ജീവിക്കുന്ന പ്രദേശത്തോട് ഒരു പ്രത്യേക സ്‌നേഹം കാത്തുസൂക്ഷിക്കുന്നവരാണ്. കാലങ്ങളായുള്ള ജീവിതത്തിലൂടെ, തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന, അവരറിയാതെ അവരില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാസപ്രക്രിയയാണത്. അല്ലാതെ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുന്നതിലൂടെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു വികാരമല്ല ‘ദേശഭക്തി’.