സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും

0
38

സ്ത്രീസുരക്ഷാനടപടികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ വനിതാ വോളന്റിയര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്താന്‍ തീരുമാനം. സ്ത്രീസുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ സമഗ്രനടപടികളുടെ ഭാഗമായാണ് പോലീസ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മുന്‍പ് പൈലറ്റ് അടിസ്ഥാനത്തില്‍ കൊച്ചി സിറ്റിയില്‍ ആരംഭിച്ചതും വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതുമായ നിര്‍ഭയ പദ്ധതി പോരായ്മകള്‍ പരിഹരിച്ച് പുതിയ രൂപവും ഭാവവും നല്കി സംസ്ഥാനത്താകെ നടപ്പിലാക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ ഉത്തരവ് പുറപ്പെടുവിച്ചു.

എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ നോഡല്‍ ഓഫീസറും ഐ.ജി. എസ്.ശ്രീജിത്ത്, വനിത പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ആര്‍.നിശാന്തിനി, കൊല്ലം സിറ്റി കമ്മീഷണര്‍ എസ്.അജിതബീഗം, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ മാനേജിങ് കമ്മിറ്റിയെ പദ്ധതിയുടെ സംസ്ഥാനതല നടത്തിപ്പ് ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഡ് അടിസ്ഥാനത്തിലും വനിതകളുടെ അഞ്ചുപേര്‍ വീതമുള്ള ഗ്രൂപ്പിനെ നിര്‍ഭയ വോളന്റിയര്‍മാരായി നിയമിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യങ്ങളെപ്പറ്റി അവബോധം നല്‍കുക, ലിംഗ പദവി, തുല്യത എന്നിവ സംബന്ധിച്ച അവബോധം സമൂഹത്തില്‍ വളര്‍ത്തുക, പഞ്ചായത്തുതല ജാഗ്രതാസമിതികള്‍, മറ്റു വനിതാ ഗ്രൂപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് അതിക്രമങ്ങള്‍ തടയുന്നതിനുള്ള ക്യാമ്പയിനുകള്‍ ആവിഷ്‌ക്കരിക്കുക, ഭവന സന്ദര്‍ശനത്തിനും മറ്റും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ സഹായിക്കുക, ജില്ലാ പോലീസ് മേധാവിമാര്‍ അംഗീകരിച്ച പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ സേവനം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് ലഭ്യമാക്കുക, സ്‌കൂള്‍ പി.ടി.എ-കളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, സ്വയംപ്രതിരോധ പരിശീലനം സ്‌കൂളുകളിലും കോളേജുകളിലും നടത്തുക, ജനമൈത്രി സമിതികള്‍ക്ക് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നതിന് സഹായം നല്‍കുക, ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി സഹകരിച്ച് നിയമബോധവത്കരണം നടത്തുക, നഗരങ്ങളില്‍ റസിഡന്റ്സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സ്വയംപ്രതിരോധ പരിശീലനം നല്കുക എന്നിവയൊക്കെ നിര്‍ഭയ വോളണ്ടിയര്‍മാരുടെ ചുമതലകളാണ്.

സ്ത്രീസംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കാം. സ്ത്രീകളോടുള്ള പെരുമാറ്റം, അതിക്രമങ്ങള്‍ തടയല്‍എന്നിവ സംബന്ധിച്ച് പുരുഷന്‍മാര്‍ക്കുള്ള ബോധവത്കരണവും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിക്കാം.

പഞ്ചായത്തുതല ജാഗ്രതാ സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്ത്രീസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നാകണം കഴിയുന്നതും നിര്‍ഭയ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കേണ്ടത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവരും ഉത്തരവാദിത്വത്തോടെയും നിസ്വാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുന്നതും പ്രാദേശികമായി ജനങ്ങളില്‍ മതിപ്പുമുള്ള വനിതകളെയാവും വോളണ്ടിയര്‍മാരായി തിരഞ്ഞെടുക്കുന്നത്.

സന്നദ്ധപ്രവര്‍ത്തനത്തിന് താല്പര്യമുള്ള വിരമിച്ചവരും അല്ലാത്തവരുമായ സര്‍ക്കാര്‍ വനിതാ ഉദ്യോഗസ്ഥരെയും പോലീസ് നടപ്പാക്കുന്ന സ്വയം പ്രതിരോധ പദ്ധതിപ്രകാരം പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരായ വോളണ്ടിയര്‍മാരെയും സാങ്കേതിക പരിജ്ഞാനവും വൈവിധ്യമാര്‍ന്ന ജോലികള്‍ ഒരേസമയം ചെയ്യാന്‍ കഴിവുമുള്ള വനിതകളെയും നിര്‍ഭയ വോളണ്ടിയര്‍മാക്കാം.

ജില്ലാ പോലീസ് മേധാവി ചെയര്‍മാനും എ.സി/ഡിവൈ.എസ്.പി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി/എ.സി, വനിത സെല്‍ സി.ഐ എന്നിവരടങ്ങുന്ന സമിതി വോളണ്ടിയര്‍മാരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. താത്പര്യമുള്ളവരുടെ ഈ രംഗത്തെ പ്രവര്‍ത്തന പശ്ചാത്തലവും ഇക്കാര്യത്തില്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് തുടക്കത്തില്‍ ആവശ്യമായ പരിശീലനവും നല്‍കും. സംസ്ഥാനതലത്തില്‍ പരിശീലനം ലഭിക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ഓരോ ജില്ലയിലും ഈ പരിശീലനം നല്കുക. ആശയവിനിമയ ശേഷി, തുല്യത, പോലീസ് പദ്ധതികള്‍, സ്വയംപ്രതിരോധം, പ്രഥമ ശുശ്രൂഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍, ശിശുസംരക്ഷണം, മുതിര്‍ന്ന പൗര•ാരുടെ സംരക്ഷണം, കുറ്റകൃത്യങ്ങളിലെ ഇരകളുടെ പുനരധിവാസം, വ്യക്തിത്വവികസനം തുടങ്ങിയവയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.
ഓരോ നിര്‍ഭയ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാളെ രണ്ടുമാസത്തേക്ക് വീതം ഗ്രൂപ്പ് നേതാവായി ചുമതലപ്പെടുത്തണം. രണ്ടുമാസം വീതം ഓരോ അംഗവും ഗ്രൂപ്പിന് നേതൃത്വം നല്‍കും. ഗ്രൂപ്പ് അംഗങ്ങള്‍ ആഴ്ചതോറും യോഗം ചേരണം.

മാസത്തിലൊരിക്കല്‍ നിര്‍ഭയവോളണ്ടിയര്‍മാരുടെ യോഗം ബന്ധപ്പെട്ട എസ്.എച്ച്.ഒ.യും നിര്‍ഭയ ഗ്രൂപ്പ് ലീഡര്‍മാരുടെ യോഗം ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്മെന്റ്, വനിതാസെല്‍ സി.ഐ എന്നിവരും വിളിച്ചുചേര്‍ക്കണം. ജില്ലാ പോലീസ് മേധാവിമാര്‍ ആറുമാസത്തിലൊരിക്കല്‍ നിര്‍ഭയ വോളണ്ടിയര്‍മാരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമിതികളുണ്ടാകും. ജില്ലാ പോലീസ് മേധാവി ചെയര്‍മാനും ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി, വനിത സെല്‍ സി.ഐ, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ ആയിരിക്കും. ഓരോ മൂന്നുമാസം കൂടുമ്പോഴും എസ്.എച്ച്.ഒ.മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ഈ സമിതി വിലയിരുത്തും.

നിര്‍ഭയ വോളണ്ടിയര്‍മാര്‍ക്ക് യാത്രച്ചെലവു പോലെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിക്കുന്നതിനും സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനത്തുകയും പദ്ധതിയ്ക്കുള്ള ഫണ്ടില്‍ നിന്നും നല്‍കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.