തിരുവനന്തപുരം: അമ്പൂരി കുട്ടമല ഗവ. യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധയേറ്റ 5 ആണ്‍കുട്ടികളെ എസ്.എ.ടി ആശുപത്രിയിലും ഒരു അധ്യാപികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആല്ബിന് (8), അലന് (11), അഭിജിത്ത് (8) അഭിഷേക് (12) നൗഫല്‍ എന്നീ വിദ്യാര്‍ത്ഥികളും അമല പുഷ്പം (45) എന്ന അധ്യാപികയുമാണ് ചികിത്സയിലുള്ളത്.
രണ്ട് വിദ്യാര്‍ത്ഥികള്‍ പീഡിയാട്രിക് ഐ.സി.യുവിലും ബാക്കി മൂന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുമാണ്. അധ്യാപിക അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
ഉച്ച ഭക്ഷണത്തിനു ശേഷമാണ് ചില കുട്ടികള്‍ക്കും അധ്യാപികയ്ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഭക്ഷണത്തോടൊപ്പം കഴിച്ച സാമ്പാറിലെ ചേമ്പാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. ഭക്ഷണത്തിനുശേഷം വായില്‍ ചൊറിച്ചില്‍, മനംപുരട്ടല്‍, ഛര്‍ദില്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടു.
ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പാറശാല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷമാണ് 5 പേരെ എസ്.എ.ടി. ആശുപത്രിയിലും ഒരു അധ്യാപികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ട് വന്നത്. 2, 3, 5, 7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണിവര്‍.