ഹൈക്കോടതി വജ്രജൂബിലി എത്തുന്നു; മാധ്യമ -അഭിഭാഷക മഞ്ഞുരുകലും സംഭവിക്കുമോ?

0
93

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളാ ഹൈക്കോടതി വജ്രജൂബിലി ആഘോഷപരിപാടികള്‍ 28- ന് സമാഗതമാകുന്നു. ഉദ്ഘാടനത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്നെ എത്തുന്നത് ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ പൊലിമ കൂട്ടുകയും ചെയ്യുന്നു. ഒരേ സമയം വലിയ പ്രാധാന്യം ഈ പരിപാടികള്‍ക്കുണ്ട്. ഒന്ന് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷപരിപാടി. രണ്ടാമത് രാഷ്ട്രപതി എത്തുന്ന പരിപാടി. രണ്ടു രീതിയിലുള്ള പ്രാധാന്യം അതുകൊണ്ട് തന്നെ ഹൈക്കോടതി വജ്രജൂബിലി ആഘോഷ പരിപാടികള്‍ക്കുണ്ട്.

പക്ഷെ വജ്രജൂബിലി ആഘോഷം സമാഗതമായിരിക്കെ മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ഇനി മൂന്നു ദിനം അവശേഷിച്ചിരിക്കെ ക്ഷണം ലഭിക്കാനും സാധ്യതയുണ്ട്. പക്ഷെ സര്‍ക്കാരിന്റെ പിആര്‍ഡി വിഭാഗം പരിപാടി റിപ്പോര്‍ട്ട് ചെയ്യാനുള്ള അറിയിപ്പും മീഡിയാ പാസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് പരിപാടിയിയില്‍ പങ്കെടുക്കുകയും വജ്രജൂബിലി ആഘോഷ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആവാം

മാധ്യമ-അഭിഭാഷക പ്രശ്നങ്ങളുടെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയ അലയൊലികള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഹൈക്കോടതി വജ്രജൂബിലി ആഘോഷപരിപാടിയും കടന്നുവരുന്നത്. പ്രശ്നങ്ങള്‍ പരിഹൃതമെന്നു ചീഫ് ജസ്റ്റിസും, മുഖ്യമന്ത്രിയും കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. തുടരന്‍ ചര്‍ച്ചകള്‍ക്ക്  അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ വര്‍ഷം നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.

പക്ഷേ ഇപ്പോഴും ഹൈക്കോടതിയിലെ മീഡിയാ റൂം ഇതുവരെ മാധ്യമങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത ശേഖരിക്കുകയും ഹൈക്കോടതിയില്‍ നിന്ന് മടങ്ങുകയുമാണ്‌ ചെയ്യുന്നത്. മുന്‍പ് അങ്ങിനെയായിരുന്നില്ല. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ അനലൈസ് ചെയ്യുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാമായിരുന്നു.

പക്ഷെ മാധ്യമ അഭിഭാഷക-പ്രശ്നം വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞ മീഡിയാ റൂം ഇതുവരെ തുറന്നു നല്‍കിയില്ല. പക്ഷെ ഹൈക്കോടതി മീഡിയാ റൂം ഇല്ലെങ്കിലും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ല. കൊച്ചിയിലെ ജില്ലാ കോടതിയില്‍ ആരംഭിച്ചതാണ് സംഘര്‍ഷമെങ്കിലും വിവിധ കോടതികളിലേക്കും ഹൈക്കോടതിയിലേക്കും അത് പടരുകയായിരുന്നു.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ സംഘര്‍ഷം കനക്കുകയും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതെല്ലാം സംസ്ഥാന തലത്തില്‍ മാധ്യമ-അഭിഭാഷക സംഘര്‍ഷം പടരാന്‍ കാരണമായി. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണുകയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് സ്വന്തം ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌ വഴി വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രശ്നത്തില്‍ എല്ലാവരും സഹകരിക്കുകയും വിട്ടുവീഴ്‌ച ചെയ്യുകയും വേണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്‌. കോടതി വ്യവഹാരങ്ങളില്‍ ജനങ്ങള്‍ അറിയേണ്ട അനേകം കാര്യങ്ങളുണ്ട്‌. അവ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാണ്‌. ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കാരണം കോടതി റിപ്പോര്‍ട്ടിങ്‌ എക്കാലത്തേക്കും തടസപ്പെടുന്ന സ്‌ഥിതി ആശാസ്യമല്ല.-ഫെയ്സ് ബുക്ക്‌ കുറിപ്പില്‍ അന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രശ്നം പരിഹൃതമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പൂര്‍ണ്ണ പരിഹാരം സാധ്യമായിട്ടില്ല. ഈ ഘട്ടത്തില്‍ തന്നെയാണ് ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളും കടന്നു വരുന്നത്. കഴിഞ്ഞ കാലത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍  ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങള്‍ കടന്നു വരുമ്പോള്‍ പൂര്‍ണ്ണ തോതിലുള്ള ഒരു മഞ്ഞുരുക്കം സാധ്യമാകുമോ എന്നാണു കേരളം ഉറ്റുനോക്കുന്നത്.