ഹൈവേയെ റണ്‍വേയാക്കി ഇന്ത്യന്‍ വ്യോമസേന

0
43

 

ലക്‌നൗ: ഹൈവേയെ റണ്‍വേയാക്കി ആഗ്ര-ലക്‌നൗ എക്സ്പ്രസ്‌വേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പരീക്ഷണപ്പറക്കല്‍. യുദ്ധവിമാനങ്ങളുള്‍പ്പെടെ 20 വിമാനങ്ങളാണ് പരീക്ഷണത്തില്‍ പങ്കെടുക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ എക്‌സ്പ്രസ് വേകളെ എങ്ങനെ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും ഉപയോഗപ്പെടുത്താമെന്ന തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു വ്യോമസേന വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍. ലഖ്‌നൗവില്‍ നിന്ന് 65 കിലോ മീറ്റര്‍ ദൂരത്തുള്ള ഉന്നാവോയിലെ ബംഗാര്‍മായിലായിരുന്നു പരീക്ഷണം.

വിമാനങ്ങള്‍ ഓരോന്നായി ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിലിറങ്ങി. വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡ് കമാന്‍ഡോകളേയും വഹിച്ചായിരുന്നു സൂപ്പര്‍ ഹെര്‍ക്കുലിസ് യാത്ര വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ആഗ്ര-ലഖ്‌നൗ എക്സ്പ്രസ്‌വേയിലൂടെയുള്ള ഗതാഗതം നിരോധിച്ചായിരുന്നു പരീക്ഷണം. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനായിരുന്നു വിമാനങ്ങള്‍ നിരത്തിലിറക്കിയുള്ള വ്യോമസേനയുടെ പരീക്ഷണം.

യുദ്ധവിമനങ്ങളുടെ അഭ്യാസപ്രകടനവും വ്യോമസേന സംഘടിപ്പിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ 12 ഹൈവേകളെ സജ്ജമാക്കിയെടുക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം. ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ ഹൈവേകളും പരിഗണനയിലുണ്ട്. കഴിഞ്ഞ വര്‍ഷം മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ യമുന എക്സ്പ്രസില്‍ വിജയകരമായി ഇറക്കിയതിന് പിന്നാലെയാണ് ആഗ്ര-ലഖ്‌നൗ എക്സ്പ്രസ്‌വേയിലെ പരീക്ഷണപ്പറക്കല്‍.