കൊച്ചി: അഞ്ച് വയസുകാരന്റെ കുസൃതി ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഭീതിയുളവാക്കി. റെയില്‍വേ സ്റ്റേഷന് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ലഭിച്ച ഫോണ്‍ സന്ദേശമാണ് പോലീസിനെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.
പേര് രാജപ്പനാണെന്നും സുഹൃത്ത് തങ്കപ്പന് ആലുവ റെയില്‍വേ സ്റ്റേഷന് തകര്‍ക്കാന്‍ ബോംബുമായി എത്തിയിട്ടുണ്ടെന്നും സ്റ്റേഷന് ഉടന്‍ തകര്‍ക്കുമെന്നുമുള്ള സന്ദേശമാണ് കണ്ട്രോള് റൂമിലെത്തിയത്. സന്ദേശം കിട്ടിയ പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തി പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും വിളിച്ച് വരുത്തി പരിശോധന തുടര്‍ന്നു. പരിശോധ സ്റ്റേഷനിലെ യാത്രക്കാരെയും ആശങ്കയിലാക്കി.
ഇതിനിടെ സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയപ്പോള്‍ കോതമംഗലം സ്വദേശിനിയുടെ പേരിലുള്ളതാണ് സിം കാര്‍ഡെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് അഞ്ചു വയസുകാരന്റെ കുസൃതിയാണിതെന്ന് മനസിലാക്കുന്നത്. യുവതിയുടെ മകനാണ് ബോംബ് സന്ദേശം കണ്ട്രോള് റൂമിന് നല്‍കിയതെന്ന് വ്യക്തമായി. കുട്ടിയെന്ന പരിഗണനയില്‍ പോലീസ് കേസെടുത്തില്ല.