പൂണെ: പൂണെയില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനം അട്ടിമറിക്കാന്‍ ശ്രമം. മത്സരത്തിനുള്ള പിച്ച് ഒരുക്കിയ ക്യൂറേറ്റര്‍ പിച്ചിന്റെ വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ക്യൂറേറ്റര്‍ ചോര്‍ത്തിക്കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തായി. പൂണെ പിച്ച് ക്യൂറേറ്റര്‍ പാണ്ടൂറാങ് സല്ഗാവോങ്കറിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.
രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് വാതുവെപ്പ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വാതുവെപ്പുകാര്‍ എന്ന പേരില്‍ എത്തിയ റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം ക്യൂറേറ്റര്‍ പിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഐസിസി, ബിസിസിഐ നിയമപ്രകാരം ഒഫീഷ്യല്‍സിന് ഒഴികെ മറ്റാര്‍ക്കും മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തില്‍ കയറാനും പിച്ച് പരിശോധിക്കാനും അനുവാദമില്ല. എന്നാല്‍ ക്യുറേറ്റര്‍ പാണ്ടൂറാങ് വാതുവെയ്പുകാരെന്നു നടിച്ചെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ മത്സരത്തിന് മുമ്പ് പിച്ച് കാണാന്‍ അവസരം കൊടുത്തെന്നാണ് ആരോപണം.
ബാറ്റിങ് പിച്ചാണിതെന്നും 350-ന് മുകളില്‍ റണ്‍സ് ഈ ക്രിസില്‍ നേടാനാവുമെന്നും ക്യൂറേറ്റര്‍ പറഞ്ഞു. രണ്ടാമത് ബാറ്റ്ചെയ്യുന്ന ടീമിന് റണ്‍ ചേസ് ചെയ്യാന്‍ എളുപ്പമായിരിക്കുമെന്നും ക്യുറേറ്റര്‍ വെളിപ്പെടുത്തുന്നുണ്ട്. പണം നല്കിയാല് പിച്ചിന്റെ സ്വഭാവത്തില്‍ വ്യത്യാസം വരുത്താമെന്നുള്പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഇയാള്‍ നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വിഡിയോ ഇന്ത്യ ടുഡേ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് ക്യൂറേറ്റര്‍ സ്ഥാനത്ത് നിന്ന് പാണ്ടൂറാങ് സല്ഗാവോങ്കറിനെ സസ്പെന്‍ഡ് ചെയ്തതായി ബിസിസിഐ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ നീരജ് കുമാറിനോട് ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.