ഉദയഭാനുവിന് ജാമ്യം നല്‍കരുത്; തെളിവുകള്‍ ശക്തമെന്ന് പ്രോസിക്യൂഷന്‍

0
39

കൊച്ചി; ചാലക്കുടി രാജീവ് വധക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഉദയഭാനുവിന്റെ അറിവോടെയാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ജാമ്യാപേക്ഷയില്‍ കോടതി നാളെ വാദം കേള്‍ക്കും. വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ഉബൈദ് പിന്‍മാറിയതിനെത്തുടര്‍ന്ന് ജസ്റ്റീസ് എ ഹരിപ്രസാദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ഉദയഭാനുവിനെതിരെ രഹസ്യമൊഴിയുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയതിന് തൊട്ടു പിന്നാലെ ഉദയഭാനു ചക്കരജോണിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതി ജോണിക്ക് വിവരങ്ങള്‍ കൈമാറിയതിന് ശേഷമാണ് ഉദയഭാനുവിനെ ഫോണില്‍ ബന്ധപ്പെട്ടത്. കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം. കൊല്ലപ്പെടുന്നതിന് മുന്‍പ് രാജീവിനെക്കൊണ്ട് ഒപ്പിടീച്ചതിന്റെ രേഖകള്‍ കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ ഉദയഭാനുവിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസിനെ സാരമായി ബാധിച്ചുവെന്ന് കൊല്ലപ്പെട്ട രാജീവിന്റെ മകന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനേയും അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രോസിക്യൂഷന്റെ വിശദീകരണം തേടി. ഇതിനിടെയാണ് ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിശദമായ വാദം കേള്‍ക്കും.