ഐഎസ് ബന്ധം; തുര്‍ക്കിയില്‍ നിന്നെത്തിയ മൂന്ന് കണ്ണൂരുകാര്‍ പിടിയില്‍

0
46

കണ്ണൂര്‍; ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുമായി ബന്ധം സംശയിക്കുന്ന മൂന്നു യുവാക്കള്‍ കണ്ണൂരില്‍ അറസ്റ്റില്‍. മുണ്ടേരി കൈപ്പക്കയില്‍ കെ.സി. മിതിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി.ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരെയാണു വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.

സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കിയില്‍ പൊലീസ് തടഞ്ഞു നാട്ടിലേക്ക് അയയ്ക്കുകയായിരുന്നുവെന്നും, മൂന്നു പേരും ഇവിടെ നിരീക്ഷണത്തിലായിരുന്നുവെന്നും ഡിവൈഎസ്പി പി.പി. സദാനന്ദന്‍ പറഞ്ഞു. ഇസ്താംബൂളില്‍ നിന്ന് ഇവര്‍ തീവ്രവാദ പരീശീലനം നേടിയിരുന്നുവെന്നും വ്യക്തമായി.
2016 ഒക്ടോബറില്‍ കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന അഞ്ചുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തിരുന്നു. ഐഎസ് ബന്ധം സ്ഥിരീകരിച്ച ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്നു മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍നിന്ന് അപ്രത്യക്ഷരായ 21 യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് ഇതുവരെയുള്ള വിവരം.

അഞ്ചു യുവാക്കള്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണു സൂചന. കണ്ണൂര്‍ സ്വദേശികളായ അഞ്ചു യുവാക്കള്‍ സമീപകാലത്തു സിറിയയില്‍ ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.