കലിപ്പ് ഗാനത്തിന്റെ ഈണത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമോഷണല്‍ ഗാനം

0
82

ഫുട്ബോള്‍ ആരാധകരെ ആവേശത്തിന്റെ പ്രകമ്പനം കൊള്ളിപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കേരള ബ്ലാസ്റ്റേഴ്സ് പ്രമോഷണല്‍ ഗാനം എത്തി. ‘കഴിഞ്ഞ സീസണിന്റെ കടം കിടക്ക്ണ്, പകരം വീട്ടാനായി കാല് തരിക്ക്ണ് കേരളമൊന്നിച്ച് കച്ച മുറുക്ക്ണ്’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം ആവേശത്തിന്റെ പെരുമഴപെയ്യിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്

‘ചെന്നൈയില്‍ ചെന്ന് നെഞ്ച് വിരിക്കണം. ബംഗളൂരുവിനെ ആരെന്നു കാട്ടണം.. കൊല്‍ക്കത്തയെ കാണുമ്പോ വാശി കയറണം.. കലിപ്പ് അടക്കണം..കപ്പ് അടിക്കണം. ഇങ്ങനെ പോകുന്നു പാട്ടിന്റെ വരികള്‍.

മലയാളത്തിലെ വമ്പന്‍ ഹിറ്റായ ‘പ്രേമം’ സിനിമയിലെ കലിപ്പ് ഗാനത്തിന്റെ അതേ ഈണത്തിലാണ് ഈ പാട്ടും ഒരുക്കിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയുമായുള്ള പോരാട്ടം ഇത്തവണ ആരാധകര്‍ തമ്മില്‍ കൂടിയുള്ള വാശിയുടെ പോരാട്ടമായിരിക്കുമെന്നുറപ്പാണ്. ബ്ലാസ്റ്റേഴസ് താരങ്ങളെ ബെംഗളൂരു ആരാധകര്‍ അപമാനിച്ച് ചാന്റ് പാടിയത് ആരാധകര്‍ ക്ഷമിച്ചിട്ടില്ല. അതിനെല്ലാം കളത്തില്‍ മറുപടി പറയുമെന്നാണ് മഞ്ഞപ്പടയാരാധകരുടെ ഉറച്ച വിശ്വാസം.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് കഴിഞ്ഞ മാസം പ്രമോഷണല്‍ ഗാനത്തിന്റെ ചിത്രീകരണം നടന്നിരുന്നു. കട്ടക്കലിപ്പ് ഗാനത്തിന് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞത്.