
ബാഗ്ദാദ്: ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ചുള്ള സൂചനകള്‍ തേടി വിദേശകാര്യമന്ത്രി ജനറല്‍ വി.കെ സിങ് ഇറാഖ് സന്ദര്‍ശിക്കും. കൂടാതെ ഇറാഖി സര്‍ക്കാരിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സൈനികമേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. 2014 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരം 39 ഇന്ത്യക്കാരെയാണ് ഇതിനോടകം ഇറാഖില്‍ കാണാതായിട്ടുള്ളത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും വി.കെ സിങ് ഇറാഖ് സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ആക്രമണങ്ങളെ തുടര്‍ന്ന് മൊസൂള്‍, ബാദുഷ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇത്തവണ മൊസൂള്‍, ബാദുഷ് എന്നീ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
39 ഇന്ത്യക്കാര്‍ ബാദുഷ് ജയിലിലുണ്ടെന്നാണ് ഇറാഖി എന്‍എസ്എയില്‍ നിന്ന് ലഭിച്ച അവസാന വിവരം. 2016 ലായിരുന്നു ഇത്. അതിനുശേഷം പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇറാഖി സൈന്യം ചില ഐ.എസ് ഭീകരെ കസ്റ്റഡിയിലും എടുത്തിരുന്നു. അവരെ ചോദ്യം ചെയ്തതില്‍നിന്നും ചില വിവരങ്ങള്‍ ലഭിച്ചതായി വി.കെ സിങ് കൂട്ടിച്ചേര്‍ത്തു.