കേന്ദ്രത്തെ വെല്ലുവിളിച്ച് മമത; മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല

0
48

കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. തന്റെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു മമത പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കവേയാണ് കേന്ദ്രനയത്തിനെതിരായ നിലപാട് മമത വ്യക്തമാക്കിയത്.

ഏകാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിക്കുമെന്നും അവര്‍ വ്യക്തമാക്കി. പൗരന്‍മാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണു കേന്ദ്രനീക്കം. ആരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കരുത്. തന്റെ മൊബൈല്‍ കണക്ഷന്‍ എടുത്തുകളഞ്ഞാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും മമത വ്യക്തമാക്കി.

ബിജെപി ക്കെതിരെ ആര്‍ക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. ആരെങ്കിലും വിമര്‍ശനം ഉയര്‍ത്തിയാല്‍ അവരെ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണ് പതിവെന്നും മമത ചൂണ്ടിക്കാട്ടി. ഇന്ത്യ കണ്ട വലിയ അഴിമതികളിലൊന്നാണു നോട്ടുനിരോധനമെന്നും മമത ആരോപിച്ചു. നോട്ടുനിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്നും മമത അറിയിച്ചു.