കോട്ടയം: കൊച്ചി മെട്രോയുടെ പുതിയ മാനേജിങ് ഡയറക്ടറായി എപിഎം മുഹമ്മദ് ഹനീഷിനെ നിയമിക്കുമെന്ന് സൂചന. നിലവില്‍ സപ്ലൈകോ സി.എം.ഡിയാണ് മുഹമ്മദ് ഹനീഷ്. റോഡ്സ് ആന്റ് ബ്രിഡ്ജ് ഡെവലപമെന്റ് കോര്പറേഷന് എം.ഡി, എറണാകുളം കലക്ടര്‍ എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. നിയമനം സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകും.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ ഏലിയാസ് ജോര്‍ജ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കെ.എം.ആര്.എല്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഏലിയാസ് ജോര്‍ജിന് സര്‍ക്കാര്‍ രണ്ട് വര്‍ഷം കൂടി കാലാവധി അനുവദിച്ചിരുന്നു. കാലാവധി ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്നും പുതുതലമുറക്കായി വഴിമാറുകയാണെന്നും ഏലിയാസ് ജോര്‍ജ് വ്യക്തമാക്കിയിരുന്നു.