ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9നും 14നുമാണ് വോട്ടെടുപ്പ് നടക്കുക. 18നാണ് വോട്ടെണ്ണല്‍.
വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഹിമാചല്‍പ്രദേശിനൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതിന് കമ്മീഷനെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞതവണ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഹിമാചലിലെ തീയതി മാത്രമാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിപക്ഷകക്ഷികള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
ഈ മാസമാദ്യമാണ് ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷന് പ്രഖ്യാപിച്ചത്. നവംബര്‍ 9ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18നാണ് പുറത്തുവിടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഡിസംബര്‍ 18ന് മുന്‍പ് തന്നെ ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി പറഞ്ഞിരുന്നു. ഒരേ സമയത്ത് നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുകയെന്ന കീഴ് വഴക്കം തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
അതെസമയം, ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നു. ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ സംഘടിപ്പിച്ച സര്‍വെയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ഒരു മാസത്തോളമായി നടത്തിയ സര്‍വെ ഫലമാണിത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തുമ്പോഴും സംസ്ഥാനത്തെ 182 നിയമസഭാമണ്ഡലങ്ങളില്‍ 115 മുതല്‍ 125 വരെ സീറ്റ് ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 57 മുതല്‍ 67 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. 60 സീറ്റായിരുന്നു 2012ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്.
ബിജെപി 48 ശതമാനം വോട്ടും കോണ്‍ഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര് വിജയ് രൂപാനി തന്നെ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 19 ശതമാനം കോണ്‍ഗ്രസ് എംഎല്‍എ ശക്തിസിങ് ഗോഹിലിനെയും 11 ശതമാനം കോണ്‍ഗ്രസ് നേതാവ് ഭരത് സിങ് സോളങ്കിയെയും പിന്തുണച്ചു.
ദലിത് നേതാവ് അല്‍പേഷ് ഠാക്കൂറിന്റെയും, ജിഗ്നേഷ് മേവാനിയുടേയും കോണ്‍ഗ്രസിന് പിന്തുണ നല്കുകയാണെങ്കില് കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പട്ട്യാധര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ വോട്ട് ശതമാനം വീണ്ടും ഉയരുമെന്നും സര്‍വെ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഗുജറാത്തിലെ പട്ട്യാധര്‍ വിഭാഗത്തില്‍ വലിയ സ്വാധീനമാണ് ഹര്‍ദിക് പട്ടേലിനുള്ളത്. വോട്ട് സംഖ്യയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന സംസ്ഥാനത്തെ പ്രബല വിഭാഗമാണ് പട്ടേല്‍മാര്‍.
ജിഎസ്ടി നടപ്പാക്കിയതിനെ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും എതിര്‍ത്തു. എന്നാല്‍ നരേന്ദ്രമോദിയുടെ ജനസമ്മിതിക്ക് കോട്ടം തട്ടിയിട്ടില്ലെന്നാണ് 66 ശതമാനത്തിന്റെയും അഭിപ്രായം.
2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടിയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയത്.