ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
174

 

കൊല്ലം: കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് ഗൗരി നേഘ എന്ന പത്താംക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ ഗൗരിയെ ടീച്ചര്‍ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നതും വ്യക്തമാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ ക്ലാസിന്റെ മുന്നില്‍ കൂടി നില്‍ക്കുന്നതും സിന്ധു എന്ന ടീച്ചര്‍ വരുന്നത് കണ്ട് കുട്ടികള്‍ ക്ലാസിനകത്തേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ഗൗരിയെ മാത്രം ക്ലാസില്‍ നിന്നും വിളിച്ചിറക്കി സിന്ധു ടീച്ചര്‍ പുറത്തേക്ക് നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതിനെ തുടര്‍ന്ന് ഇടയ്ക്കിടെ ഗൗരി ആ ക്ലാസിലേക്ക് പോകുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക താക്കീത് ചെയ്ത ശേഷം പ്രിന്‍സിപ്പളിനടുത്തേക്ക് കൊണ്ടുപോകുന്നതാണിത്.

അതിനുശേഷം 25 മിനിട്ടുകള്‍ക്ക് കഴിഞ്ഞ് താന്‍ പഠിക്കുന്ന ഹൈസ്‌കൂള്‍ ബ്ലോക്കില്‍ നിന്നും ഗൗരി സമീപത്തെ എല്‍പി ബ്ലോക്കിലേക്ക് നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എല്‍പി ബ്ലോക്കിന്റെ മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നു. ഒടുവില്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍തന്നെ സ്‌കൂളിലെ ജീവനക്കാര്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.