ജൈവഘടികാരത്തിന്റെ ഉള്ളറ തുറന്നവര്‍

0
54

ജൈവഘടികാരത്തിനെ ചുറ്റിപ്പറ്റിയുള്ള വലിയ രഹസ്യം കണ്ടെത്തിയ മൂന്നു യു.എസ്.ശാസ്ത്രജ്ഞരിലേക്കാണ് ഇത്തവണ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്തിയത്. ജെഫ്രി.സി.ഹോള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍.ഡബ്ല്യൂ.യങ് എന്നിവരാണിവര്‍. ജൈവഘടികാരത്തിനുള്ളില്‍ നുഴഞ്ഞുകയറി ഇവര്‍ അതിന്റെ ആന്തരികപ്രവര്‍ത്തനം മനസ്സിലാക്കിയെന്നാണ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടത്.

മനുഷ്യനുള്‍പ്പെടെ സകല ജീവികളുടെയും ഉറക്കവും ഉണരലും നിയന്ത്രിക്കുന്നതാണ് ജൈവഘടികാരം(ബയോളജിക്കല്‍ ക്ലോക്ക്) എന്നറിയപ്പെടുന്ന സക്കെയിഡിയന്‍ ഘടികാരം. ഇങ്ങനെയൊരണ്ണം ഉണ്ട് എന്നറിയാമെന്നതിനപ്പുറം അതിന്റെ രഹസ്യം ഇത്രയും കാലം അനാവരണം ചെയ്യപ്പെട്ടിരുന്നില്ല. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവിതം ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സകലജീവികളിലും സസ്യങ്ങളിലും ഭൂമിയുടെ ഭ്രമണത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരം പ്രവര്‍ത്തിക്കുന്നുണ്ട്.

ജീവികള്‍ ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം ജൈവഘടികാരം പ്രവര്‍ത്തിക്കുന്നതിനാലാണെന്നും ശാസ്ത്രലോകത്തിന് ധാരണയുണ്ടായിരുന്നു. പക്ഷേ, അതിനപ്പുറം ആ ഘടികാരത്തിന്റെ രഹസ്യം വിശദീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അവിടെയാണ് ഈ മൂന്നു ശാസ്ത്രജ്ഞര്‍ വിജയം വരിച്ചത്. ഒരിനം പഴയീച്ചയില്‍ ഗവേഷണം നടത്തിയാണ് ഇവര്‍ ആ മഹാരഹസ്യം അനാവരണം ചെയ്തത്. പെറോയ്ഡ് ജീനിനെ വേര്‍തിരിച്ചെടുത്താണ് ഇവര്‍ പഠിച്ചത്. ഇതുവഴി ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന പ്രത്യേക ജീനുകള്‍ ഇവര്‍ കണ്ടെത്തി. രാത്രിയിലും പകല്‍ സമയത്തും ഈ ജീനിന്റെ സവിശേഷമായ ഇടപെടല്‍ ബാഹ്യമായ സവിശേഷതകള്‍ക്കനുസരിച്ച് സ്വയം ക്രിമീകരിക്കാന്‍ ജീവികളെയും സസ്യങ്ങളെയും പ്രാപ്തമാക്കുന്നു. പ്രകാശം എങ്ങനെ ഇവയെ നിയന്ത്രിക്കുന്നുവെന്നും ഈ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രതല പ്രവര്‍ത്തനങ്ങള്‍ ഇവര്‍ വിശദമായി തന്നെ പഠനവിധേയമാക്കി. നിരവധി ജീനുകളും പ്രോട്ടീനുകളും ഉള്‍പ്പെടുന്നതാണ് ജൈവഘടികാരം. അത് മനുഷ്യനുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും സമാനരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ കണ്ടെത്തി.

ജെഫ്രി.സി.ഹോള്‍ (72) ബ്രാന്‍ഡയ്‌സ് സര്‍വകലാശാലയില്‍ ഗവേഷകനായിരിക്കെയാണ് ഇപ്പോള്‍ നൊബേലിന് അര്‍ഹമായ ഗവേഷണത്തില്‍ സജീവമാകുന്നത്. ബ്രാന്‍ഡയ്‌സ് സര്‍വകലാശാലയിലെ തന്നെ ഗവേഷകനാണ് റോസ് ബാഷും(73), മെക്കല്‍ ഡബ്ല്യൂ യങ്(68)ന്യൂയോര്‍ക്കിലെ റോക്കെഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകനാണ്.