ടിപ്പു സുല്‍ത്താന്‍ വീരയോദ്ധാവ് :വിവാദങ്ങളെ തള്ളി രാഷ്ട്രപതി

0
38

ബെംഗളുരു; ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമമടയുകയായിരുന്നു ടിപ്പു സുല്‍ത്താനെന്നും രാഷ്ട്രപതി അനുസ്മരിച്ചു. ടിപ്പുജയന്ത്രി ആചരണത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് രാഷ്ട്രപതി ടിപ്പുവിനെ പ്രകീര്‍ത്തിച്ചത്. കര്‍ണാടക നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിയുടെ പ്രസംഗത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡസ്‌കിലടിച്ചാണു വരവേറ്റത്. അതേസമയം, ബിജെപിയിലെ പ്രതിപക്ഷാംഗങ്ങള്‍ നിശബ്ദത പാലിച്ചു.

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ‘മൈസുരു റോക്കറ്റുകള്‍’ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തില്‍ ഒരുപടി മുന്നേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യയാണ് പിന്നീട് യൂറോപ്യന്മാര്‍ സ്വീകരിച്ചതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ടിപ്പുവിന്റെ പോരാട്ടപാരമ്പര്യം കര്‍ണാടക നിലനിര്‍ത്തുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മികച്ച സേനാ മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയും ജനറല്‍ കെ.എസ്. തിമയ്യയും കര്‍ണാടകയുടെ മക്കളാണെന്നും രാഷ്ട്രപതി അനുസ്മരിച്ചു. രാഷ്ട്രപതി പറഞ്ഞു. കര്‍ണാടക നിയമസഭയെ അഭിസംബോധന ചെയ്ത രാഷ്ട്രപതിയെ അഭിനന്ദിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീടു ട്വീറ്റ് ചെയ്തു.

ടിപ്പുജയന്ത്രി ആചരണത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വിവാദം മുറുകുമ്പോഴായിരുന്നു രാഷ്ട്രപതിയുടെ സന്ദര്‍ശനം. നവംബര്‍ പത്തിനാണു കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പരിപാടിയില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതോടെയാണ് വിവാദങ്ങള്‍ ആളിക്കത്തിയത്.

ടിപ്പു സുല്‍ത്താന്‍ അക്രമകാരിയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയും ആണെന്നായിരുന്നു ആനന്ദ്കുമാറിന്റെ ആരോപണം. പരിപാടിയെക്കുറിച്ചു ഹെഗ്‌ഡെ നടത്തിയ ട്വീറ്റും വിവാദമായി. ‘നാണംകെട്ട ചടങ്ങ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ഇതേസമയം ടിപ്പു സുല്‍ത്താനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ടിപ്പുവിന്റെ പിന്‍തലമുറക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദങ്ങള്‍ക്കു മറുപടി നല്‍കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്‌നേഹിയാണെന്നും അദ്ദേഹത്തെ കുറിച്ചു പഠിക്കാന്‍ കേന്ദ്ര സഹമന്ത്രി ആനന്ദകുമാര്‍ ഹെഗ്‌ഡെ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.