കെ.ശ്രീജിത്ത്
കോണ്‍ഗ്രസ് ഇന്നത്തെ ദയനീയ അവസ്ഥയിലേയ്ക്ക് വീഴുന്നതിന് കാരണമായത് ഒരുകാലത്ത് അവര്‍ കാട്ടിക്കൂട്ടിയ ജനാധിപത്യവിരുദ്ധവും അധാര്‍മികവുമായ പ്രവര്‍ത്തനങ്ങളാണ്. ഭൂതകാലത്ത് ഒട്ടേറെത്തവണ അവര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തിട്ടുണ്ട്. അപ്പോഴും അവര്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത ചില കാര്യങ്ങളുണ്ട്. അതിലൊന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലാണ്.
കോണ്‍ഗ്രസിനെപ്പോലെത്തന്നെ ഒരു വലതുപക്ഷ പാര്‍ട്ടിയാണ് ബിജെപി. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ചെയ്ത ഭൂഷണമല്ലാത്ത എല്ലാ കാര്യങ്ങളും അവരേക്കാള്‍ വേഗത്തില്‍, തീവ്രതയില്‍ യാതൊരു മടിയും കൂടാതെ ചെയ്തുപോരുകയാണ് ആ പാര്‍ട്ടിയും. കോണ്‍ഗ്രസ് ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ഉള്‍പ്പടെ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിച്ചു എന്ന അവര്‍ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 12ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച കമ്മീഷന് എന്നാല്‍ അതിനൊപ്പം തന്നെ കാലാവധി തീരുന്ന ഗുജറാത്ത് നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. ഒക്ടോബര്‍ 16ന് ഗുജറാത്തില്‍ നരേന്ദ്ര മോദി നടത്താനിരിക്കുന്ന റാലിയ്ക്കുവേണ്ടിയാണ് പ്രഖ്യാപനം നീട്ടിവെച്ചത് എന്ന് അപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പിന്നെ നടത്തുന്ന റാലിയില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ മോദിയ്ക്ക് കഴിയില്ല എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്.
വിവാദം ഉയര്‍ന്നതിന് അടുത്ത ദിവസങ്ങളില്‍ മറ്റൊരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജോതി അഹമ്മദാബാദിലെ സര്‍ക്കാര്‍ ബംഗ്ലാവ് അനധികൃതമായി കൈവശംവെച്ചു ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് അന്യായമായ ആനുകൂല്യം പറ്റിയിരുന്നെന്ന കണ്ടെത്തലായിരുന്നു അത്. ഗുജറാത്തിലെ ബിജെപി ഭരണകൂടത്തിന്റെ ഈ ഔദാര്യത്തിന് പ്രതിഫലമായിട്ടാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മോദിയുടെ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ വരുന്നതുവരെ വൈകിക്കുന്നതെന്ന ആരോപണം കൂടുതല്‍ ശക്തമാവുകയും ചെയ്തു. 1975 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജോതി 2013ല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചിരുന്നു. എന്നാല്‍ അഹമ്മദാബാദിലെ സര്‍ക്കാര്‍ ബംഗ്ലാവ് വിട്ടുകൊടുക്കാതെ അദ്ദേഹം കൈവശം വെച്ചുപോന്നു. ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാവ് തുടര്‍ന്നും കൈവശം വെയ്ക്കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കുകയായിരുന്നു.
ഏതൊരു ജനാധിപത്യ രാജ്യത്തും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നീതിപൂര്‍വമായിരിക്കണം. അക്കാര്യത്തില്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍കാലങ്ങളിലെടുത്ത നിലപാടുകള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദം തിരഞ്ഞെടുപ്പ് കമ്മീഷനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി അതിനുള്ള അവസരം ഉണ്ടാക്കിയത് ഒരുതരത്തിലും ഭൂഷണമല്ല. തെറ്റായ സന്ദേശമാണ് അത് രാജ്യത്തിന് നല്‍കുന്നത്. ഏതുവിധേനെയും അധികാരം പിടിക്കാനും നിലനിര്‍ത്താനുമുള്ള കുത്സിതനീക്കങ്ങളില്‍ നിന്ന് ഭരണഘടനാ സ്ഥാപനങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ അത് രാജ്യത്തെ ജനാധിപത്യ സംസ്കാരത്തിനുതന്നെ അത്യന്തം അപകടകരമാണ്.
ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളെല്ലാം നേടുന്നതിനുവേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ പണം ചാക്കുകെട്ടുകളായി ഒഴുക്കിയത് സമീപകാലത്താണ്. എന്നിട്ടും കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന്റെ വിജയം തടയാന്‍ അവര്ക്കായില്ലെന്നത് ഓര്‍ക്കണം. ഓരോ എംഎല്‍എമാര്‍ക്കും പത്തും പതിനഞ്ചും കോടി രൂപ വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാനും ഇതില്‍ പരിഭ്രാന്തരായ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബാംഗ്ലൂരിലെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയതടക്കമുള്ള നാണംകെട്ട ഉപജാപങ്ങള്‍ക്ക് രാജ്യം സാക്ഷിയായിട്ട് അധികം മാസങ്ങളായിട്ടില്ല. ഒരുകാലത്ത് കോണ്‍ഗ്രസും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. തൊണ്ണൂറികളിലെ നരസിംഹ റാവു സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ചാക്കുകെട്ടിന് പണം നല്കി ഷിബു സോറനടക്കമുള്ളവരെ വിലക്കെടുത്തത് അന്ന് കോളിളക്കമുണ്ടാക്കിയിരുന്നു. എങ്ങനെയും അധികാരം പിടിച്ചടക്കാനുള്ള ആ പാര്‍ട്ടിയുടെ ചെയ്തികളുടെ ഫലമാണ് ഇന്നവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അതേ മാതൃക തന്നെ അതിവേഗം പിന്തുടര്ന്നുകൊണ്ടിരിക്കുന്നു. അതില്‍ ഒടുവിലത്തേതാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാനുള്ള ശ്രമം.
ഈ രാജ്യത്തെ സാധാരണക്കാര്‍ എക്കാലത്തും അഴിമതിമുക്തമെന്ന് കരുതിയിരുന്ന, ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. അതിനേയും സംശയത്തിന്റെ നിഴലിലാക്കാന്‍ അധികാരഭ്രാന്ത് പിടിച്ച ചിലര്‍ക്ക് കഴിയുന്നു എന്നത് എങ്ങിനെ നോക്കിയാലും ശുഭോദര്‍ക്കമല്ല.