തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

0
37


കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്നും കായല്‍ ഭൂമി മണ്ണിട്ട് നികത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

64 പേരുടെ 5 സെന്റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങികൂട്ടിയെന്നും ഇതില്‍ 11 ഇടപാടുകളുടെ ഭൂമി രേഖകള്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി 53 ഇടപാടുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേസംഘത്തെ നിയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിശോധനകള്‍ അപൂര്‍ണ്ണമായി നില്‍ക്കുകയാണ്. ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല. 2011-ല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്ന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയായശേഷമേ നടപടിയിലേക്ക് കടക്കുകയുള്ളുവെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.