തോമസ് ചാണ്ടിയെച്ചൊല്ലി ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി

0
35

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയ്യേറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൗണ്‍സിലര്‍മാരുടെ കയ്യാങ്കളി. ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് നേതാവും മുന്‍സിപ്പല്‍ ചെയര്‍മാനുമായ തോമസ് ജോസഫിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായ സംഭവത്തില്‍ സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 12 ദിവസം സമരം ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കരുതെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ മറികടന്ന് പ്രവര്‍ത്തിച്ച നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നതിനായി വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലാണ് അക്രമ സംഭവം അരങ്ങേറിയത്.

ഇതേ വിഷയത്തില്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷം ബഹളം വെയ്ക്കുകയും കൗണ്‍സില്‍ ഹാള്‍ പൂട്ടിയിടുകയും ചെയ്ത സംഭവം കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പന്‍ പരാമര്‍ശിച്ചതോടെയാണ് പ്രതിപക്ഷം അക്രമാസക്തമായത്. ബഹളം വെച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് സീറ്റുകളിലേയ്ക്ക് മടങ്ങണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം ശക്തമായതോടെ അജണ്ട പാസാക്കിയതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ ഹാള്‍ വിടാനൊരുമ്പോഴാണ് ചെയര്‍മാന്‍ തോമസ് ജോസഫിനും വൈസ്ചെയര്‍മാന്‍ ബീന കൊച്ചുബാവയ്ക്കും എതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പാഞ്ഞടുത്തത്.

ഗ്ലാസ്സും കസേരയുമെല്ലാം എടുത്തെറിയുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. പരിക്കേറ്റ് കുഴഞ്ഞു വീണ തോമസ് ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.