പുണെ: ന്യൂസിലന്‍ഡ് ബാറ്റിങ് നിരക്ക് പുണെയില്‍ തിരിച്ചടി. വാംഖഡെയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ മുള്‍മുനയില്‍ നിര്‍ത്തിയ ടീമായിരുന്നു ന്യാസിലന്ഡ് ബാറ്റിങ്. ന്യൂസിലന്‍ഡിനെ ഒമ്പത് വിക്കറ്റിന് 230 റണ്‍സിലൊതുങ്ങി. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍ എന്നിവരടങ്ങിയതാണ് ഇന്ത്യന്‍ ബൗളിങ് നിര.
ടോസ് നേടി ആദ്യ ബാറ്റിങ് ലഭിച്ചത് ന്യൂസിലന്‍ഡിനായിരുന്നു. തുടക്കത്തില്‍ തന്നെ തകര്‍ച്ചയായിരുന്നു ഇവര്‍ക്ക്. 16 ഓവറില്‍ 58 റണ്‍സെടുക്കുന്നതിനിടയില്‍ ന്യൂസിലന്‍ഡിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 20 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റില്‍, 10 റണ്‍സുമായി കൊളിന് മണ്‍റോ, മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്, 21 റണ്‍സെടുത്ത റോസ് ടെയ്ലര് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ലാഥമും നിക്കോള്‍സും തമ്മില്‍ അഞ്ചാം വിക്കറ്റില്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചു. ഇരുവരും 60 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നോട്ടുപോകവെ ലാഥമിനെ അക്സര്‍ പട്ടേല്‍ പുറത്താക്കി. 38 റണ്‍സായിരുന്നു ലാഥമിന്റെത്.
ആറാം വിക്കറ്റില്‍ ഗ്രാന്ഡ്ഹോമുമായി ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം നിക്കോള്‍സും പുറത്തായി. 42 റണ്‍സായിരുന്നു നിക്കോള്‍സിന്റെ സമ്പാദ്യം. 43-ാം ഓവറില്‍ വീണ്ടും ന്യൂസിലന്‍ഡിന് പ്രഹരമേറ്റു. അവസാന ഓവറുകളില്‍ അടിക്കാമെന്ന കിവീസിന്റെ പ്രതീക്ഷ തെറ്റിച്ച് തൊട്ടടുത്ത രണ്ട് പന്തില്‍ രണ്ടു ബാറ്റ്സ്മാന്മാര് പുറത്തായി.
41 റണ്‍സുമായി ഗ്രാന്‍ഡ്ഹോമും റണ്ണൊന്നുമെടുക്കാതെ മില്‍നെയും പുറത്തായി. ഇരുവരെയും ചാഹലാണ് പുറത്താക്കിയത്. 49-ാം ഓവറില്‍ സാന്റ്നറും ക്രീസ് വിട്ടതോടെ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും ചേര്‍ന്ന് കിവീസിന്റെ സ്കോര്‍ 230ല്‍ എത്തിക്കുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും ബുംറയും ചാഹലും രണ്ടു വീതം വിക്കറ്റുമെടുത്തു.