ന്യൂസീലന്‍ഡിനെ ആറുവിക്കറ്റിന് വീഴ്ത്തി ഇന്ത്യ: കാര്‍ത്തിക്കും ധവാനും വിജയശില്‍പികള്‍

0
71

പുണെ; ന്യൂസീലന്‍ഡിനെ ആറു വിക്കറ്റിന് തകര്‍ത്തു ഇന്ത്യ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ തിരിച്ചെത്തി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (84 പന്തില്‍ 68) ദിനേഷ് കാര്‍ത്തിക്ക് (92 പന്തില്‍ 64) എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയ ലക്ഷ്യം നേടിയത്.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി,ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ചെറിയ വിജയ ലക്ഷ്യമായതിനാല്‍ വമ്പനടികള്‍ക്കു മുതിരാതെ കളിച്ച ഇന്ത്യ 14 പന്തു ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ ടിം സൗത്തിയുടെ പന്തില്‍ കോളിന്‍ മണ്‍റോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 79ല്‍ നില്‍ക്കെ വിരാട് കോഹ്‌ലി പുറത്തായി. 29 പന്തില്‍ 29 റണ്‍സെടുത്ത കോഹ്‌ലി ഗ്രാന്റ്‌ഹോമിന്റെ പന്തില്‍ ടോം ലാതമിന് ക്യാച്ച് നല്‍കി പുറത്തായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി ഇന്ത്യന്‍ ബാറ്റിങിന് കരുത്തായി. ആദം മിലിന്റെ പന്തില്‍ റോസ് ടെയ്‌ലര്‍ക്കു ക്യാച്ച് നല്‍കിയാണ് ധവാന്‍ പുറത്തായത്. ദിനേഷ് കാര്‍ത്തിക്കും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നു ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. എന്നാല്‍ നാല്‍പതാം ഓവറില്‍ ഇന്ത്യയുടെ നാലാം വിക്കറ്റ് വീണു. 31 ബോളില്‍ 30 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ആദം മിന്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ എം.എസ് ധോണിയും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്നു ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചു.

ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. തുടക്കത്തില്‍ മൂന്നു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ച കിവീസിന് ശ്രദ്ധയോടെ ബാറ്റു വീശിയ മധ്യനിരയാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മികച്ച റണ്‍സ് ക*!*!*!െട്ടിപ്പടുക്കാന്‍ ആര്‍ക്കും സാധിക്കാതിരുന്നത് കിവീസിനെ 230 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ കിവീസ് നിര തകരുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ തോറ്റ ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പരയില്‍ ന്യൂസീലന്‍ഡിന് ഒപ്പമെത്തി. ഏകദിന പരമ്പരയിലെ അവസാന മത്സരം ഈ മാസം 29ന് കാണ്‍പൂരില്‍ നടക്കും.