ഭൂമി കൈയേറ്റം; റവന്യൂ മന്ത്രിയുടെ നിലപാടില്‍ അതൃപ്തിയെന്ന് തോമസ് ചാണ്ടി

0
52

തിരുവനന്തപുരം: ലേക്ക് പാലസ്, മാര്‍ത്താണ്ഡം കായല്‍ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടിന്മേലുളള റവന്യൂ മന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രിയെ കുറ്റാരോപിതനായ തോമസ് ചാണ്ടി അതൃപ്തി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടിക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റവന്യൂ മന്ത്രി ഇത്തരമൊരു നിലപാട് എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാല്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചില്ല. കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റവന്യൂ മന്ത്രിയെ അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. തീരുമാനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന.

അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടീസ് നല്‍കി. ഏഴു ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്. ലേക്ക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങളുടെ നിര്‍മാണ അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണു നഗരസഭയില്‍ നിന്നു രേഖകള്‍ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 18 കെട്ടിടങ്ങളുടെ നിര്‍മാണ രേഖകള്‍ കണ്ടെടുത്തു.

അതിനിടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിര്‍മാണം സംബന്ധിച്ചു കോടതിയില്‍ കേസുള്ളപ്പോഴാണു കളക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണു പരാതി.