മതത്തിന്റെ അതിര്‍വരമ്പുകള്‍ തകര്‍ത്ത് പൂജാരിയുടെ മകള്‍ക്ക് തുണയായി ജുമാ മസ്ജിദ് കമ്മറ്റി

0
45

മലപ്പുറം : മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുമ്പോഴും ക്ഷേത്ര പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി ജുമാ മസ്ജിദ് കമ്മിറ്റി രംഗത്ത്. പൂജാരിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞന്റെ ചികിത്സയ്ക്ക് പണം നല്‍കാനാണ് മഹല്ല് വാസികളോട് ജുമാ മസ്ജിദ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചത്. മലപ്പുറം പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റിയാണ് മതസൗഹാര്‍ദ കര്‍മ്മവുമായി രംഗത്തെത്തിയിരിക്കുന്നത്.

തിരൂര്‍ പുറത്തൂര്‍ ബോട്ട്‌ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനില്‍ കുമാര്‍-രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുള്ള മകന്‍ അര്‍ജുന്റെ ചികിത്സയ്ക്കായാണ് പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റി മുന്നിട്ടിറങ്ങി യിരിക്കുന്നത്. അര്‍ജുന് ജന്മനാ ശ്വസകോശം ചുരുങ്ങുന്ന അപൂര്‍വ രോഗമാണ്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇവര്‍ക്ക് സ്വന്തം വീട് വില്‍ക്കേണ്ടിവന്നു. ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്.

പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു അനില്‍ കുമാര്‍. കുടുംബത്തിലെ ഏക വരുമാനമാനം പൂജാ കര്‍മ്മങ്ങള്‍ ചെയ്ത് ലഭിച്ചിരുന്ന ചെറിയ തുകയാണ്. മകന്റെ ചികിത്സ സംബന്ധിച്ച് അനിലിന് മകനൊപ്പം ആശുപത്രിയില്‍തന്നെ കഴിയേണ്ടിവന്നു. അമൃത ഹോസ്പിറ്റല്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ഇപ്പോള്‍ ഓക്‌സിജന്‍ സഹായത്തോടെ വാടക വീട്ടിലാണ്.

തുടര്‍ന്നുള്ള ചികിത്സയ്ക്കായി മാര്‍ഗ്ഗമില്ലാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പുറത്തൂര്‍ മഹല്ല് കമ്മറ്റിയെ അനില്‍കുമാറിന്റെ അയല്‍വാസികള്‍ ബന്ധപ്പെടുത്തുന്നത്. വിഷയം അറിഞ്ഞ മഹല്ല് കമ്മറ്റി യോഗം ചേരുകയും അന്വേഷിക്കുകയും തുടര്‍ന്ന് സഹായവുമായി രംഗത്തെത്തുകയുമായിരുന്നു.