മയക്കുമരുന്ന് കേസുകളില്‍ ശിക്ഷ കര്‍ശനമാക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

0
28

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളില്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ലഹരി സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

1985ല്‍ പ്രാബല്യത്തില്‍ വന്ന നര്‍ക്കോട്ടിക് ഡ്രഗ്സ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ കുറ്റവാളികളായവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന നിരവധി പഴുതുകളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മയക്കുമരുന്ന് വില്‍പന കൂടിവരുന്ന സാഹചര്യത്തില്‍ പ്രസ്തുത നിയമത്തിന് ഭേദഗതികള്‍ അനിവാര്യമാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്നതിനായിട്ടാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാന്‍ ലഹരി വിരുദ്ധ ക്ലബുകള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് കേസുകളില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ബാധകമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.