മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്ത അവസ്ഥയില്‍ എന്‍സിപി; വിവാദങ്ങളുടെ കുന്തമുനയായി തോമസ്‌ ചാണ്ടി

0
70

തിരുവനന്തപുരം: മൊട്ടയടിച്ച സമയത്ത് കല്ലുമഴ പെയ്ത അവസ്ഥയില്‍ എന്‍സിപി. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കാണ് സംസ്ഥാന എന്‍സിപി നീങ്ങുന്നത്. ഈ വിവാദത്തില്‍ മുന്നോട്ട് പോകുമ്പോള്‍ ഇടത് മന്ത്രിസഭയേയും ഇടത് മുന്നണിയേയും ഇവര്‍ പ്രതിസന്ധിയില്‍ അകപ്പെടുത്തുകയും ചെയ്യുന്നു.

പാര്‍ട്ടി അകപ്പെട്ട എല്ലാ വിവാദങ്ങളും ഇപ്പോഴത്തെ മന്ത്രിയായ തോമസ്‌ ചാണ്ടിയെ ചുറ്റിപ്പറ്റിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇടത് മുന്നണി ഘടകക്ഷിയെന്ന നിലയില്‍ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലാണെങ്കിലും  തുടക്കം മുതല്‍ പാര്‍ട്ടിക്ക് ശനിദശയാണ്. ഈ ശനിദശ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങി. വിവാദത്തിനു തുടക്കം കുറിച്ചതും കുട്ടനാട് എംഎല്‍എയായി മത്സരിക്കുന്ന തോമസ്‌ ചാണ്ടി തന്നെയായിരുന്നു. ആ വിവാദം ഇടത് മന്ത്രിസഭാ അധികാരത്തില്‍ വന്നപ്പോഴും തോമസ്‌ ചാണ്ടി നിലനിര്‍ത്തി.

ഇടത് മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പാര്‍ട്ടിയുടെ രണ്ടു എംഎല്‍എ മാരില്‍ ഒരാള്‍ മന്ത്രിയായി. മന്ത്രിസ്ഥാനത്തിനു നറുക്ക് വീണത് എലത്തൂര്‍ എംഎല്‍എയായ എ.കെ.ശശീന്ദ്രനായിരുന്നു. അന്ന് പാര്‍ട്ടിയില്‍ വലിയ പുകിലുണ്ടാക്കിയ നേതാവായിരുന്നു പാര്‍ട്ടിയുടെ രണ്ടാമത് എംഎല്‍എയായ തോമസ്‌ ചാണ്ടി. രണ്ടു എംഎല്‍എമാര്‍ക്കും മന്ത്രിയാകാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ടു. അതിനായി രണ്ടര വര്‍ഷം ഒരാള്‍ക്ക് എന്ന ഫോര്‍മുല കൊണ്ടുവന്നു. അന്ന് എന്‍സിപി പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയനും കേന്ദ്ര നേതൃത്വവും ചേര്‍ന്ന് ഈ ഫോര്‍മുല തള്ളി.

തോമസ്‌ ചാണ്ടി പാര്‍ട്ടിയുടെ എംഎല്‍എ മാത്രമായി. കുട്ടനാട്ടില്‍ മത്സരിക്കുമ്പോള്‍ തന്നെ തോമസ്‌ ചാണ്ടി പ്രചരിപ്പിച്ചത് ജയിച്ചാല്‍ മന്ത്രി എന്നായിരുന്നു. ഇടത് മുന്നണിയില്‍ വലിയ കോളിളക്കം തന്നെ തോമസ്‌ ചാണ്ടിയുടെ പ്രഖ്യാപനം സൃഷ്ടിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ ജയിച്ചാല്‍ മന്ത്രി എന്ന് പ്രഖ്യാപിക്കുന്നത് ഇടത് രീതിയല്ല. അതോടെ തോമസ്‌ ചാണ്ടി നിശബ്ദനായി.

ജയിച്ചു കഴിഞ്ഞപ്പോള്‍ മന്ത്രിസ്ഥാനത്തിന്നായി പിടിമുറുക്കി. അതും ഫലപ്രദമായില്ല. കാരണം സിപിഎം ശശീന്ദ്രന് പിന്നില്‍ ഉറച്ച് നിന്നതായിരുന്നു കാരണം. അതോടെ താത്കാലികമായെങ്കിളും മന്ത്രിമോഹം പൊലിഞ്ഞു. പക്ഷെ മംഗളം ചാനലിന്റെ ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍ കുരുങ്ങിയതോടെ മന്ത്രി സ്ഥാനത്തിനു വേറെ അവകാശികള്‍ ഇല്ല എന്ന അവസ്ഥ വന്നു. അചിരേണ തോമസ് ചാണ്ടി മന്ത്രിയായി.

തോമസ്‌ ചാണ്ടി മന്ത്രിയായിരിക്കുമ്പോള്‍ തന്നെ രണ്ടു വിവാദങ്ങള്‍ പൊന്തിവന്നു. ആദ്യത്തേത് തോമസ്‌ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് നടത്തിയ ഭൂമി-കായല്‍ കയ്യേറ്റങ്ങള്‍. രണ്ടാമത് ഉഴവൂര്‍ വിജയന്റെ മരണം. രണ്ടും കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുംവിധം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു. ഉഴവൂരിന്റെ മരണത്തിന്റെ പിന്നില്‍ തോമസ്‌ ചാണ്ടിയുടെ അടുപ്പക്കാരനായ സുള്‍ഫിക്കര്‍ മയൂരിയുടെ ഭീഷണി നിറഞ്ഞ ഫോണ്‍ സംഭാഷണമാണ് എന്നതായിരുന്നു ആരോപണങ്ങള്‍. ആ ഫോണ്‍ സംഭാഷണം വെളിയില്‍ വരുകയും ഫോണ്‍ സംഭാഷണം നടത്തിയ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനമായ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന് നേരെയാണ് സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് എന്നതും സ്മരണീയമാണ്. ക്രൈംബ്രാഞ്ച് ഐജി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സുള്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കി കേസ് എടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. മയൂരിയുടെ പ്രകോപനം നിറഞ്ഞ ഫോണ്‍ സംഭാഷണമാണ് ഉഴവൂരിന്റെ മരണത്തിനു കാരണമായത് എന്ന രീതിയിലുള്ള റിപ്പോര്‍ട്ട് തന്നെയാണ് ക്രൈംബ്രാഞ്ച് ഐജിയും സര്‍ക്കാരിനു നല്‍കിയത്.

പാര്‍ട്ടിയെ ചുറ്റിപ്പറ്റിയുള്ള എല്ലാ വിവാദവും- ഉഴവൂരിന്റെ മരണവും തോമസ്‌ ചാണ്ടിയുടെ ഭൂമി കയ്യേറ്റവും സുള്‍ഫിക്കര്‍ മയൂരിക്ക് നേരെ വരുന്ന ക്രിമിനല്‍ കേസും-നിലവില്‍ തളര്‍ത്തുന്നത് എന്‍സിപിയേയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പോലും കഴിയുന്നുമില്ല. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ ടി.പി.പീതാംബരന്‍ മാസ്റ്ററാണ് കേരളത്തിലെ എന്‍സിപിയുടെ പ്രസിഡന്റ്.

കഴിഞ്ഞ തവണ സംസ്ഥാന നേതൃയോഗം ചേര്‍ന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി നേതാവും സിനിമാ നിര്‍മ്മാതാവുമായ മാണി.സി.കാപ്പന്റെ പേര് ഉയര്‍ന്നു വന്നു. അത് ഉഴവൂരുമായി അടുപ്പമുണ്ടായിരുന്ന നേതാക്കള്‍ എതിര്‍ത്തു. കാരണം മാണി.സി.കാപ്പന്‍-സുള്‍ഫിക്കര്‍ മയൂരി-തോമസ്‌ ചാണ്ടി എന്നിവര്‍ ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണ്. എതിര്‍പ്പ് വന്നപ്പോള്‍ ടി.പി.പീതാംബരന്‍ മാസ്റ്ററെ തന്നെ പ്രസിഡന്റ് ആക്കി പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു.

രണ്ടു മാസത്തിനുള്ളില്‍ എന്‍സിപി സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അതിനു നേതൃത്വം വഹിക്കുക ടി.പി.പീതാംബരന്‍ മാസ്റ്റര്‍ തന്നെയാണ്. അച്ചടക്കം എന്ന വാള്‍ വീശിയാണ് സംസ്ഥാന എന്‍സിപി ഘടകത്തെ ദേശീയ നേതൃത്വം പിടിച്ചു നിര്‍ത്തുന്നത്. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയാല്‍ അപ്പോള്‍ തന്നെ പാര്‍ട്ടി പുറത്താക്കും. അങ്ങിനെ പുറത്തായ ഒരാള്‍ എന്‍സിപി നേതൃത്വത്തിലുണ്ടായിരുന്നു. മുജീബ് റഹ്മാന്‍.

എന്‍സിപിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന മുജീബ് റഹ്മാനെ കഴിഞ്ഞ ദിവസങ്ങളില്‍  പാര്‍ട്ടി പുറത്താക്കി. ലേക്ക് പാലസ് റിസോര്‍ട്ട് പ്രശ്നത്തില്‍ തോമസ്‌ ചാണ്ടിക്ക് നേരെ ശക്തമായ വിമര്‍ശനം ഉതിര്‍ത്തതാണ് മുജീബ് റഹ്മാന്‍ പാര്‍ട്ടിക്ക് പുറത്താകാന്‍ കാരണം. മുജീബ് റഹ്മാനെ പുറത്താക്കിയത് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ പ്രഫുല്‍ പട്ടേല്‍ ആണെന്നത് ദേശീയ നേതൃത്തിന്റെ ഗൗരവമായ ഇടപെടലുകളുടെ സൂചനയായി പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ തന്നെ കരുതുന്നു. അതുകൊണ്ട് തന്നെ ആരും പരസ്യപ്രതികരണങ്ങള്‍ക്ക് മുതിരുന്നുമില്ല.