ഷെറിന്‍ മരിച്ചത് നിര്‍ബന്ധിപ്പിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍; വെസ്‌ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്

0
58


ഡാലസ്: യുഎസിലെ വടക്കന്‍ ടെക്സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണ് വെസ്ലി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്ന് വെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാല് കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു വെസ്ലി ആദ്യം മൊഴി നല്‍കിയിരുന്നത്. അന്നു വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റേതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വെസ്ലി മാത്യൂസ് മൊഴി മാറ്റിയത്.

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം ഏഴിനു വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍ നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.