അനിശ്ചിതത്വത്തിന് വിരാമം; സെന്‍കുമാറിനെ തേടി പെന്‍ഷന്‍ എത്തുന്നു

0
66

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഒടുവില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തേടി പെന്‍ഷന്‍ എത്തി. വിരമിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് സെന്‍കുമാറിന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് വരുന്നത്. കഴിഞ്ഞ ജൂലൈയില്‍  സെന്‍കുമാറിനെ തേടി എത്തേണ്ടിയിരുന്ന  പെന്‍ഷന്‍ ഉത്തരവാണ്  നാലു മാസം വൈകി എത്തുന്നത്.

ജൂണ്‍ 30 നാണ് സെന്‍കുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. സര്‍വീസിലിരിക്കെ ഇടത്  സര്‍ക്കാരുമായി ആരംഭിച്ച ശീതസമരമാണ് സെന്‍കുമാറിന് പെന്‍ഷന്‍ വൈകാന്‍ ഇടയായത്. സര്‍വീസില്‍ നിന്നും പിരിയുമ്പോള്‍ സെന്‍കുമാറിന്റെ പേരില്‍ കേസുകളുണ്ടായിരുന്നില്ല.

കേസുകള്‍ തുരുതുരെ വന്നപ്പോള്‍ പെന്‍ഷന്‍ വൈകുകയായിരുന്നു. പെന്‍ഷന്‍ വൈകുന്നതിനെക്കുറിച്ച് 24 കേരള അന്വേഷിച്ചപ്പോള്‍ എജി ഓഫീസില്‍ നിന്നും ക്ലിയറന്‍സ് മുന്‍പേ നല്‍കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുമാണ് താമസം വരുന്നത് എന്ന് സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ നാലുമാസം വൈകി പെന്‍ഷന്‍ ഉത്തരവായിരിക്കുന്നു.

വളരെ വൈകി ഇപ്പോള്‍ സെന്‍കുമാറിന് പെന്‍ഷന്‍ ലഭിച്ചുവെങ്കിലും കേസുകള്‍ ബാക്കിയാണ്. സെന്‍കുമാറും ഇടത് സര്‍ക്കാരും തമ്മില്‍ ആരംഭിച്ച നിയമപോരാട്ടം ഇടവേളകളില്ലാതെ വിവിധ കോടതികളില്‍ മുന്നേറുകയാണ്.