അബദ്ധത്തില്‍ മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ പിടിച്ചു; ഗര്‍ഭിണിയായ ദളിത് സ്ത്രീയെ മര്‍ദിച്ച് കൊലപ്പെടുത്തി

0
58

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ മേല്‍ജാതിക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലാണ് സംഭവം നടന്നത്. അബദ്ധത്തില്‍ മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ടതാണ് സാവിത്രി ദേവി എന്ന ദളിത് സ്ത്രീയെ മര്‍ദ്ദിക്കാന്‍ കാരണമായത്.

വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. ഒക്ടോബര്‍ 15ന് ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ നിലതെറ്റിയ സാവിത്രി വീഴാതിരിക്കാനായി ബക്കറ്റില്‍ പിടിക്കുകയായിരുന്നു. ഇതുകണ്ട ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു എന്ന സ്ത്രീ ഓടിയെത്തി സാവിത്രിയെ മര്‍ദിക്കുകയായിരുന്നു. തന്റെ ബക്കറ്റ് ‘തൊട്ട്’ അശുദ്ധമാക്കിയെന്നാരോപിച്ച് വയറില്‍ മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ജുവിന്റെ മകന്‍ രോഹിത്തും സാവിത്രിയെ വടിയുപയോഗിച്ച് അക്രമിച്ചു. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സാവിത്രിയും ഗര്‍ഭസ്ഥശിശുവും മരിച്ചത്.

എട്ടുമാസം ഗര്‍ഭിണിയായിരുന്ന സാവിത്രിയെ മര്‍ദ്ദനമേറ്റ അന്നുതന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധന നടത്തിയില്ലെന്നു സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ (30) പറഞ്ഞു. ശരീരത്തിന് പുറത്ത് രക്തസ്രാവം ഇല്ലാത്തതിനാല്‍ പ്രശ്‌നമില്ലെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ കഠിനമായ തലവേദനയും വയറുവേദനയും അനുഭവിക്കുന്നുവെന്ന് സാവിത്രി തുടര്‍ച്ചയായി പരാതിപ്പെടുന്നുണ്ടായിരുന്നു.

പിന്നീട്, ദിലീപ് അഞ്ജുവിനെ കണ്ടു ഇക്കാര്യം ചോദിച്ചപ്പോള്‍ ഠാക്കൂര്‍ കുടുംബം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 18ന് പൊലീസില്‍ പരാതി നല്‍കിയ ഇവരോട് മെഡിക്കോ- ലീഗല്‍ പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരിക്കൊന്നുമില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

എന്നാല്‍ 20നു സ്ഥലം സന്ദര്‍ശിച്ചപ്പോഴാണു പോലീസിന് കാര്യങ്ങള്‍ വ്യക്തമായത്. തുടര്‍ന്ന് അഞ്ജുവിനും മകനുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. 21നാണ് സാവിത്രി മരിക്കുന്നത്. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനു കാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അഞ്ജുവും രോഹിത്തും ഒളിവില്‍പ്പോയി.