ഐഎസ് ബന്ധം സംശയിക്കുന്ന രണ്ടുപേരെക്കൂടി അറസ്റ്റില്‍

0
49

കണ്ണൂര്‍: ഐഎസ് ബന്ധം സംശയിക്കുന്ന രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് അറസ്റ്റിലായത്. ഐഎസില്‍ ആളുകളെ ഇവര്‍ റിക്രൂട്ട് ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. റിക്രൂട്ട്‌മെന്റ് നടന്നത് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ്.

രാജ്യാന്തരതലത്തിലെ ഐഎസ് നേതൃത്വവുമായി ഹംസയ്ക്ക് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഹംസയുടെ നേതൃത്വത്തിലായിരുന്നു ഉത്തര കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ്‌സും. വളപട്ടണം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

അഞ്ചുപേര്‍ തുര്‍ക്കിയില്‍നിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുകയായിരുന്നു. ഇവരെ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ചു. ഈ അഞ്ചുപേരില്‍ മൂന്നു പേരെയാണ് പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയില്‍ കെ.സി. മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി.ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്.

നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനു യുഎപിഎ 38,39 വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ഇറാന് വഴി തുര്‍ക്കിയില്‍ മൂന്നുപേരും എത്തിയത് വ്യത്യസ്ത സമയങ്ങളിലാണ്. മിഥിലാജ് ഷാര്‍ജയിലേക്കും റാഷിദ് മലേഷ്യയിലേക്കും അബ്ദുല്‍ റസാഖ് ദുബായിലേക്കും സന്ദര്‍ശക വീസയിലാണു പോയത്. അവിടെനിന്നുമാണ് ഇറാന്‍ വഴി തുര്‍ക്കിയിലെത്തിയത്. ഇസ്തംബുളിലെ ഐഎസ് ക്യാംപില്‍ പരിശീലനം നേടിയ ശേഷം സിറിയയിലേക്കു കടക്കുന്നതിനിടെയാണു തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്നത്.

നാട്ടിലെത്തിയ ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഐഎസ് ആശയപ്രചരണം നടത്തുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.