ഐതിഹ്യമാലയിലെ യക്ഷിക്കഥകള്‍ – സജീവ് ചക്രപാണി

0
325

കേരളത്തിലെ പ്രമുഖ പ്രസാധകശാലകളില്‍ ജാഗ്രതയോടെ സേവനമനുഷ്ടിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ശ്രമഫലമാണ് ‘മഷി’ എന്ന പുസ്തക പ്രസിദ്ധീകരണശാല.
മഷിയുടെ ആദ്യ പുസ്തകമാണ് സജീവ് ചക്രപാണിയുടെ ‘ഐതിഹ്യമാലയിലെ യക്ഷിക്കഥകള്‍’

കഥയെ ചരിത്രത്തോട് ബന്ധിപ്പിക്കുന്ന സാഹിത്യമാണ് ഐതിഹ്യസാഹിത്യം. കഥ പറഞ്ഞു പോകുന്ന കൂടെ അത് ചരിത്ര സംഭവമാണന്ന ബോധ്യം വായനക്കാരില്‍ എത്തിക്കുന്നു. ആണ്ടുകളും പേരുകളും സ്ഥലനാമങ്ങളുമൊക്കെ യാഥാര്‍ത്ഥ്യമായി ചേര്‍ക്കപ്പെടുമ്പോള്‍ അതിനെ കഥയെന്നോ ചരിത്രമെന്നോ വിളിക്കാന്‍ കഴിയാതെ അത് ഐതിഹ്യമായി മാറുന്നു.

മനുഷ്യരാശി ഉള്ളിടത്തോളം കാലം യക്ഷി ഗന്ധര്‍വ്വ കിന്നരന്മാരും ഭൂതപ്രേത പിശാചുക്കളുമൊക്കെ കഥകളായും ചരിത്രമായും വായ് മൊഴിയായുമൊക്കെ മനുഷ്യരോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും.

കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ പറഞ്ഞു വെച്ച ചില യക്ഷികളുടെ സൂചനകളും പറയാതെ പോയ ചില പൂര്‍വ്വ കഥകളുമൊക്കെ സജീവ് ചക്രപാണി മനോഹരമായിത്തന്നെ ഈ ചെറു പുസ്തകത്തിലൂടെ നമ്മളോട് പറയുന്നു.

‘യക്ഷി’ മനുഷ്യരില്‍ ഭയം ഉളവാക്കുന്നു. എന്നാല്‍ ഈ പുസ്തകം വായിക്കുന്ന ഏതൊരാള്‍ക്കും, യക്ഷിയില്‍ ഭയപ്പാടല്ല മറിച്ച് പ്രണയം ഉടലെടുക്കുന്നു. ഐതിഹ്യമാലയുടെ പുരാതന ഭാഷയില്‍ നിന്നും കഥകളെ വേര്‍പെടുത്തി കഥ പറഞ്ഞു പോകുന്ന രീതി, പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഹൃദ്യമായി തോന്നും.

തന്നെ നിഷ്‌കാസിതയാക്കാന്‍ വന്ന മന്ത്രവാദിയെത്തന്നെ പ്രണയിച്ച യക്ഷി. അയാളില്‍ ഒരു പുത്രി ജനിക്കുകയും ചെയ്യുമ്പോള്‍ കഥകളില്‍ അതിശയോക്തി കലരുന്നുണ്ടെങ്കിലും വായനയുടെ രസച്ചരട് മുറുകുന്നതല്ലാതെ യാതൊരയവും വായനക്കാരന് അനുഭവപ്പെടുന്നില്ല.

ചുവര്‍ച്ചിത്രത്തില്‍ നിന്നിറങ്ങി വന്ന് നിഷ്‌കളങ്കനായ ഉണ്ണി നമ്പൂരിക്ക് ശയന സുഖങ്ങളുടെ മാസ്മരികതലം കാട്ടിക്കൊടുക്കുന്ന സര്‍വ്വാംഗ സുന്ദരിയായ യക്ഷി. അവളുടെ അംഗലാവണ്യത്തില്‍ മതിമറന്ന് പ്രണയത്തിലേക്കും വിരഹത്തിലേക്കും വീണുപോകുന്ന ഉണ്ണി നമ്പൂരി. കാവും കുളവും നാട്ടുമാവും നിറഞ്ഞ വിശാലമായ ഇല്ലത്തിന്റെ ഇരുള്‍ വീണ മുറികളില്‍ അയാള്‍ അവള്‍ക്കായി കാത്തിരുന്നു. അയാളെ സന്തോഷിപ്പിക്കാനായി എല്ലാ രാത്രികളിലും പാലപ്പൂ മണവുമായി അവളുമെത്തി. വന്യമായ കരുത്തിന്റെ ശയ്യാസുഖങ്ങളിലേക്ക് പ്രണയം വഴിമാറുമ്പോള്‍, വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.

കൊട്ടാരത്തില്‍ ശങ്കുണ്ണി മന്ത്രവാദികളെ നായകരാക്കി കഥകള്‍ രൂപപ്പെടുത്തിയപ്പോള്‍, ഇവിടെ സജീവ് ചക്രപാണി നായികമാരാക്കിയത് യക്ഷികളെയായിരുന്നു. പൊന്നും വിളക്ക് പിടിപ്പിച്ച് സത്യം ചെയ്യിച്ചാല്‍ അതൊരിക്കലും ലംഘിക്കാത്ത യക്ഷികള്‍, സത്യസന്ധതയുടെയും സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ഭാവത്തില്‍ മനുഷ്യരെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ വിഹരിക്കുന്നു.

Mashi The Publisher എന്ന പ്രസാധക സംഘത്തില്‍ നിന്നും വരാനിരിക്കുന്ന നല്ല പുസ്തകങ്ങള്‍ക്ക് മുന്നോടിയായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പതിമൂന്ന് യക്ഷിക്കഥകളുടെ ഈ ആദ്യ പുസ്തകം മലയാള വായനക്കാര്‍ക്ക് വായനാസുഖം നല്‍കുമെന്നതില്‍ തെല്ലും സംശയമില്ല.