കാമുകനെ വെട്ടിനുറുക്കിയ ഡോ. ഓമനയാണോ മലേഷ്യയില്‍ മരിച്ചതെന്ന് സംശയം

0
48

തളിപ്പറമ്പ: മലേഷ്യയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച മലയാളി സ്ത്രീ ഡോ. ഓമനയെന്ന് സംശയം. വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ കേസിലെ പ്രതിയാണ് ഡോ. ഓമന. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം മലയാളി എന്ന് സംശയിക്കുന്ന സ്ത്രീ മലേഷ്യയിലെ സുബാങ് ജായ സേലങ്കാര്‍ എന്ന സ്ഥലത്തുള്ള കെട്ടിടത്തിന് മുകളില്‍നിന്നാണ് വീണ് മരിച്ചത്. മരിച്ച സ്ത്രീയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചിലര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

പയ്യന്നൂരിലെ കോണ്‍ട്രാക്ടറായ മുരളീധരന്‍ 1996 ജൂലായിലാണ് ഊട്ടിയിലെ ലോഡ്ജില്‍വച്ച് കൊല്ലപ്പെടുന്നത്. മുരളീധരനെ കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി വനത്തില്‍ ഉപേക്ഷിക്കാന്‍ ടാക്സി കാറില്‍ കൊണ്ടുപോകും വഴിയാണ് ഡോ. ഓമന പിടിയിലാകുന്നത്. 2001 ജനവരിയില്‍ ഓമന ജാമ്യത്തിലിറങ്ങി. ജാമ്യത്തില്‍ ഇറങ്ങിയ ഓമന ഒളില്‍ പോകുകയായിരുന്നു. പിന്നീട് പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അവര്‍ മലേഷ്യയിലേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല.