സിപിഐഎമ്മിന്റെ കപട മുഖമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ചെന്നിത്തല

0
52

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയ്ക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതിനെപറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

കള്ളക്കടത്ത് പ്രതിയുടെ കാറില്‍ സഞ്ചരിച്ച് എന്തുതരം ജാഗ്രതാ യാത്രയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഐഎമ്മിന്റെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ഈ സംഭവമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

നാട്ടുകാര്‍ക്ക് മുന്നില്‍ ആദര്‍ശം പറയുകയും അതേസമയം പിറകില്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സിപിഐഎമ്മിന്റെ കപട മുഖമാണ് കൊടുവള്ളിയില്‍ വീണ്ടും പുറത്ത് വന്നിരിക്കുന്നത്. ആരൊക്കെയായിട്ടാണ് സിപിഐഎമ്മുകാര്‍ക്ക് കൂട്ടെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. എന്നാല്‍ കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറാണെന്ന് അറിയാതെയാണ് അതില്‍ കയറി ജനജാഗ്രതാ യാത്ര നടത്തിയതെന്ന കോടിയേരിയുടെ വിശദീകരണം വിശ്വസനീയമല്ല.

വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയാണ് ഫൈസലെന്ന് കൊടുവള്ളിയിലെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതറിഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ കാര്‍ പാര്‍ട്ടി കോടിയേരിക്ക് ഏര്‍പ്പാടാക്കി കൊടുത്തത്. സിപിഐഎമ്മില്‍ ഇതൊന്നും പുതിയ കാര്യമല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.