ഗുജറാത്തില്‍ നിന്ന് ജുറാസിക് ഇക്തിയോസറിന്റെ ഫോസില്‍ കണ്ടെത്തി

0
54

ന്യൂഡല്‍ഹി: കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഉരഗങ്ങളുടെ ഫോസിലുകള്‍ ഗുജറാത്തില്‍ കണ്ടെത്തി. ഡോള്‍ഫിനുകളുമായി രൂപസാദൃശ്യമുള്ള ഇക്തിയോസറിന്റെ ഫോസിലാണ് ലഭ്യമായത്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് ജുറാസിക് ഇക്തിയോസറിന്റെ ഫോസില്‍ കണ്ടെടുക്കുന്നത്.
ഫോസിലിന് 15.2 കോടി വര്‍ഷം പഴക്കമുണ്ടെന്ന് പ്ലോസ് വണ്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഗുജറാത്തിലെ കുച്ച് മരുഭൂമിയില്‍ പരിശോധിക്കുന്നതിനിടെയാണ് പ്രഫ. ഗുണ്ടുപള്ളി. വി.ആര്‍.പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കല്ലില്‍ കുടുങ്ങിക്കിടക്കുന്ന ഫോസിലുകള്‍ കണ്ടെത്തിയത്. 5.5 മീറ്റര്‍ നീളമുള്ള ഫോസിലിന്റെ തലയുടെ ഒരു ഭാഗവും വാലിലെ ചില അസ്ഥികളും നഷ്ടപ്പെട്ടുവെന്ന് ഗവേഷകര്‍ പറഞ്ഞു. അസ്ഥികൂടം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

മധ്യ ട്രയാസ്സിക് മുതല്‍ ഇന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിച്ചിരുന്ന ഒരു വലിയ സമുദ്ര ഉരഗങ്ങളിലെ വര്‍ഗമാണ് ഇക്തിയോസര്‍. ഡോള്‍ഫിനെ പോലെയുള്ള തലയും നീണ്ട മുഖവും ഉണ്ടായിരുന്ന ഇവയ്ക്ക് ഏകദേശം 40 കിലോമീറ്റര്‍ വേഗത്തില്‍ നീന്താന്‍ കഴിഞ്ഞിരുന്നു.