തിരുവനന്തപുരം: ചാരക്കേസില്‍ ഉള്‍പ്പെടുത്തി തേജോവധം ചെയ്തവര്‍ക്കെതിരെ തുറന്ന് പറച്ചിലുമായി ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പിനാരായണന്റെ ആത്മകഥ. വന്‍ കോളിളക്കമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളാണ് പുസ്കതത്തിന്റെ ഉള്ളടക്കം. ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും.
തിരുവനന്തപുരം പ്രസ്ക്ലബില്‍ വൈകുന്നേരം നാലു മണിക്കാണ് പുസ്തക പ്രകാശനം. എഴുത്തുകാരനും പാര്‍ലമെന്റ് അംഗവുമായ ശശി തരൂരാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പുറത്തിറങ്ങും മുന്‍പെ വാര്‍ത്തയാകുന്ന പുസ്കതത്തില്‍ ഒരു ജന്മം മുഴുവന്‍ നീണ്ട സഹനത്തിന്റെ കഥ കൊട്ടി തീര്‍ത്തിട്ടുണ്ടെന്ന് നമ്പിനാരായണന് വ്യക്തമാക്കുന്നു.
ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങള്‍ ചോര്‍ന്നുവെന്നു ചൂണ്ടിക്കാണിച്ച് 1994 -ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. ആരോപണം ഉയര്‍ന്നത് മുതല്‍ 52 ദിവസത്തെ ജയില്‍വാസവും ഒടുവില്‍ കുറ്റവിമുക്തനാകുന്നത് വരെയുള്ള ഒട്ടേറെ സംഭവങ്ങളും ആത്മകഥയിലൂടെ ഓര്‍ത്തെടുക്കുകയാണ് നമ്പി നാരായണന്.