ജനജാഗ്രത യാത്രാ വിവാദം: പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി

0
42

kodiyeri's car journey controversy

കോഴിക്കോട്: ജനജാഗ്രത യാത്രാ വിവാദത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപി(ഐ)എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവള്ളിയില്‍ ഉപയോഗിച്ചത് വാടകയ്‌ക്കെടുത്ത കാറാണ്. പാര്‍ട്ടിക്ക് അവിടെ സ്വന്തം വാഹനമില്ലാത്തതുകൊണ്ടാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചെന്ന മുസ്‌ലിം ലീഗിന്റെ ആരോപണത്തിനെതിരെ കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. കാരാട്ട് ഫൈസലിന്റെ കാര്‍ മുമ്പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ജാഗ്രത കുറവാണ് വിവാദത്തിന് കാരണമെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയതായാണ് സൂചന. സംഭവത്തില്‍ ഇതുവരെ ജില്ലാ നേതൃത്വം ഔദ്യോഗിക വിശദീകരണത്തിന് തയ്യാറായിട്ടില്ല. അതേസമയം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. ഇതോടെ കോടിയേരി നടത്തുന്ന യാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് ലീഗ് ആവശ്യപ്പെട്ടു. സമാനമായ ആരോപണവുമായി ബിജെപിയും രംഗത്തെത്തി.