ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന സൂചന നല്‍കി കമല്‍ഹാസന്‍

0
33


തന്റെ ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകള്‍ നല്‍കി കമല്‍ഹാസന്‍. നവംബര്‍ 7-ന് വലിയ ഒരു പ്രഖ്യാപനത്തിന് ഒരുങ്ങിയിരിക്കണമെന്ന് കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു.

പ്രമുഖ തമിഴ് മാഗസിനായ ആനന്ദവികടനില്‍ കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്ന കോളത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘തയ്യാറായിരിക്കൂ, എല്ലാം നവംബര്‍ 7ന് പറയും’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിസ്വാര്‍ത്ഥമായി തമിഴ്‌നാടിന് വേണ്ടി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ താന്‍ കൂപ്പുകൈയ്യോടെ സ്വാഗതം ചെയ്യുന്നുവെന്നും കോളത്തില്‍ പറയുന്നുണ്ട്.

ജൂലൈ മുതല്‍ തന്നെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെന്ന രൂപീകരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയോട് അനുഭാവ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ച കമല്‍ഹാസന്‍ കാവി തന്റെ നിറമല്ലെന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളോട് ആം ആദ്മി പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നും കമല്‍ഹാസന്‍ വിശദമാക്കിയിരുന്നു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കമല്‍ഹാസന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എഐഡിഎംകെയുടെ ഭരണം അഴിമതിയില്‍ മുങ്ങിയതാണെന്ന് കമല്‍ഹാസന്‍ നിരവധി തവണ ആരോപിച്ചിട്ടുള്ളതാണ്. മറ്റ് താരങ്ങളില്‍ നിന്ന് വിഭിന്നമായി സേവന പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതാണ് കമല്‍ഹാസന്റെ പിറന്നാളാഘോഷങ്ങള്‍.