ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്നയിലെ ഗ്രാമത്തില്‍ നിന്നാണ് മലയാളിയായ അഞ്ജലിയെയും സുഹൃത്ത് സ്തുതിയെയും കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിനടുത്തുള്ള കടയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ പോയ പെണ്‍കുട്ടികളെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പട്നയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ പെണ്‍കുട്ടികളിലൊരാള്‍ രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ശബ്ദം വ്യക്തമാകാതെ വരികയും കോള്‍ കട്ടാകുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഈ നമ്പറിലേക്ക് തിരിച്ച് വിളിച്ചെങ്കിലും ഫോണെടുത്തത് മറ്റൊരാളായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ കോള്‍ വിളിക്കാനായി തന്റെ ഫോണ്‍ വാങ്ങിയതാണെന്നും അവര്‍ ധനപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായും അയാള്‍ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ് ലൊക്കേഷന്‍ പിന്തുടര്ന്ന് പൊലീസ് ഇവരെ കണ്ടെത്തിയത്. റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലും ഇവര്‍ പട്നയിലെത്തിയതായി സ്ഥിരീകരിച്ചു. കണ്ടെത്തുമ്പോള്‍ പെണ്കുട്ടികളിരുവരും അര്‍ധ ബോധാവസ്ഥയിലായിരുന്നു. ഇപ്പോള്‍ പട്ന പൊലീസ് സ്റ്റേഷനിലുള്ള പെണ്‍കുട്ടികളെ നോയ്ഡ സ്റ്റേഷനിലെത്തിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാകൂ എന്ന് പൊലീസ് അറിയിച്ചു.
ഗ്രേറ്റര്‍ നോയ്ഡയിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്തുതി, അഞ്ജലി പത്താംക്ലാസ് വിദ്യാര്‍ഥിനിയും. സ്വകാര്യ വിമാന കമ്പനിയിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിയുടെ മകളാണ് അഞ്ജലി. ബീഹാര്‍ സ്വദേശിയായ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ സൈന്റിസ്റ്റിന്റെ മകളാണ് സ്തുതി.