നോട്ടു നിരോധനവും ജി എസ് ടിയും ഇന്ത്യയെ ഐ സി യുവിലാക്കിയെന്ന് രാഹുല്‍ ഗാന്ധി

0
50

ന്യൂഡല്‍ഹി; നോട്ട് അസാധുവാക്കല്‍, ചരക്കു സേവന നികുതി വിഷയങ്ങളില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ദിവസം കരിദിനമായ ആചരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ബി ജെ പി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി രാഹുല്‍ എത്തിയത്.

ഡോക്ടര്‍ അരുണ്‍ ജയ്റ്റ്‌ലിയുടെ നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയും ഇന്ത്യന്‍ സമ്പദ്ഘടനയെ ഐസിയുവില്‍ കയറ്റിയിരിക്കുന്നു. നിങ്ങള്‍ ആരേക്കാളും താഴെയല്ലെന്നാണ് പറയുന്നത്. എന്നാല്‍ നിങ്ങളുടെ മരുന്നു ഫലപ്രദമല്ല, ജെയ്റ്റ്‌ലിയെ പരിഹസിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ജിഎസ്ടി ‘ഗബ്ബാര്‍ സിങ് ടാക്‌സാ’ണെന്ന വിശേഷണവും രാഹുല്‍ നല്‍കിയിരുന്നു.

എന്നാല്‍ ടുജി അഴിമതിയും കരിമണല്‍ ഖനനവും നടത്തുന്നവര്‍ നികുതി പദ്ധതികളെ എതിര്‍ക്കുന്നതു സ്വാഭാവികമാണെന്നായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടി. നോട്ട് അസാധുവാക്കിയതിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ട് കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമ്പോള്‍ ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്.