പഴയ തീവണ്ടി കോച്ചുകള്‍ വീടുകളാക്കി തെലങ്കാന

0
39

മുംബൈ: പഴയ തീവണ്ടി കോച്ചുകള്‍ തെരുവില്‍ കഴിയുന്നവര്‍ക്കുള്ള താത്ക്കാലിക വീടാക്കി മാറ്റാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. തണുപ്പുകാലം തുടങ്ങുന്നതിന് മുമ്പേ ഇങ്ങനെയുള്ള റെയില്‍വേ കോച്ചുകളെ വൈദ്യൂതീകരിച്ചും ശൗചാലയം സ്ഥാപിച്ചും താമസ യോഗ്യമാക്കാനാണ് പദ്ധതി. ഇത് വീടില്ലാത്തവര്‍ക്കായുള്ള ഒരു സ്ഥിരം പരിഹാരമാര്‍ഗമല്ലെന്നും മറിച്ച് താത്ക്കാലിക പരിഹാരമായിട്ടാണ് ഇങ്ങനെ ഉപയോഗിക്കാത്ത കോച്ചുകളെ വീടാക്കി മാറ്റുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പത്ത് കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ ഉപയോഗിക്കാന്‍ പദ്ധതിയുള്ളതായി തെലങ്കാന നഗരവികസന മന്ത്രി എല്‍.വന്ദനകുമാര്‍ ചൂണ്ടിക്കാട്ടി. വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ സ്ഥല പരിമിതിയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇതിന് ഉടന്‍ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും വന്ദനകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് വീടില്ലാത്തവരുടെ എണ്ണം വലിയ തോതിലാണ് ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നത്. പലരും നാട് വിട്ടു. ഓരോ വര്‍ഷവും കഠിനമായ തണുപ്പും ചൂടും താങ്ങനാവാതെ നിരവധി പേരാണ് റെയില്‍വേ പ്ലാറ്റ്ഫോമുകളിലും മറ്റും മരിക്കുന്നത്. ഇതിന് ഒരു താത്ക്കാലിക പരിഹാരമെന്നോണമാണ് റെയില്‍വേ കോച്ചുകളെ താമസകേന്ദ്രമാക്കി മാറ്റുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

താമസ സൗകര്യമില്ലാതെ തെരുവില്‍ കിടക്കുന്ന രാജ്യത്തെ 62 നഗരങ്ങളിലെ ജനങ്ങള്‍ക്ക് താമസ സ്ഥലവും, ജീവിക്കാനാവശ്യമായ മറ്റ് അടിസ്ഥാന ആവശ്യവും ഉറപ്പ് വരുത്താന്‍ 2010 ല്‍ തന്നെ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പല സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം വീടില്ലാത്തവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.