ബലൂണുകളില്‍ പാകിസ്ഥാന്‍ സ്‌നേഹം : രണ്ടുപേര്‍ യുപിയില്‍ അറസ്റ്റില്‍

0
49

കാണ്‍പൂര്‍; ‘പാക്കിസ്ഥാനെ സ്‌നേഹിക്കുന്നു’വെന്ന് എഴുതിയ ബലൂണുകള്‍ വിറ്റ രണ്ടുപേരെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഗോവിന്ദ് നഗര്‍ സ്വദേശികളായ സണ്ണിയും സമീറുമാണ് പിടിയിലായത്. ഗോവിന്ദ് നഗറില്‍ നടത്തിയ പരിശോധനയില്‍ ‘പാക്കിസ്ഥാനെ സ്‌നേഹിക്കുന്നു’വെന്നും ‘ഹബീബീ’ (എന്റെ പ്രണയമേ, എന്റെ പ്രിയതമേ) എന്നുമെഴുതിയ ബലൂണുകളാണ് പിടിച്ചെടുത്തത്. ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷനു സമീപത്തുള്ള കടയിലാണ് ഇവ വിറ്റിരുന്നത്.

ഹിന്ദു യുവ വാഹിനിയുമായി ബന്ധം പുലര്‍ത്തുന്ന അഭിഭാഷകന്‍ അജയ് പ്രതാപ് സിങ്ങിന്റെ ശ്രദ്ധയിലാണ് ബലൂണുകള്‍ ആദ്യം പെടുന്നത്. ഉടന്‍ തന്നെ ഇയാള്‍ വിവരം പൊലീസില്‍ അറിയിക്കുകയും തിരച്ചില്‍ നടത്തുകയുമായിരുന്നു. കടയുടമയും വിതരണക്കാരനുമാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് മേധാവി അശോക് വര്‍മ പറഞ്ഞു.

സര്‍ദാര്‍ ബസാറിലെ ഗുബ്ബാറെയ് വാലി ഗലിയില്‍നിന്നാണ് ബലൂണുകള്‍ ലഭിച്ചതെന്ന് പിടിയിലായവര്‍ മൊഴിനല്‍കി. ഇനിയും ഇത്തരത്തിലുള്ള എന്തെങ്കിലും കാണുകയാണെങ്കില്‍ ഉടന്‍തന്നെ വിവരം നല്‍കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.