ഭരണരംഗത്ത് പുരോഗതി; ജനപക്ഷ തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി

0
61

കോഴിക്കോട്: ജനപക്ഷ തീരുമാനങ്ങള്‍ക്കാണ് വകുപ്പുതലവന്‍മാരും കളക്ടര്‍മാരും മുന്‍ഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യവും കാര്യക്ഷമമവുമായ ഭരണസംവിധാനം രൂപപ്പെടുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ പരിചയ സമ്പത്ത് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമായി നടന്ന കളക്ടര്‍മാരുടെയും വകുപ്പുതലവന്‍മാരുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം ഭരണരംഗത്ത് നല്ല പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിക്കുന്നു. ആ പ്രതീക്ഷ പൂര്‍ണമായി നിറവേറ്റണമെങ്കില്‍ നിലവിലുളള രീതിയിലും ശൈലിയിലും മാറ്റങ്ങള്‍ വേണ്ടിവരും. പുതിയൊരു കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ വികസന പദ്ധതികള്‍ പൂര്‍ണതയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഓരോ വ്യക്തിയിലും എത്തണം. ഉദ്യോഗസ്ഥരാണ് അത് ചെയ്യേണ്ടത്. അഴിമതിരഹിതമായ ഭരണം കാഴ്ചവെയ്ക്കുന്നതില്‍ കേരളത്തിന് സല്‍പേരാണുളളത്. എന്നാല്‍ സര്‍വീസ് മേഖലയാകെ അഴിമതി മുക്തമാണെന്ന് പറയാന്‍ കഴിയില്ല. തെറ്റായ ശൈലികളും മാമൂലുകളും പൂര്‍ണമായി അവസാനിച്ചിട്ടില്ല. അഴിമതി കണ്ടില്ലെന്ന് നടിക്കരുത്. ശക്തമായി ഇടപെടണം. താഴെ തലത്തില്‍ വില്ലേജ് ഓഫീസ് വരെ അഴിമതി മുക്തമാകണം. സെക്രട്ടറിമാരും വകുപ്പുതലവന്‍മാരും കലക്ടര്‍മാരും ഇടപെട്ടാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. കേന്ദ്രപദ്ധതികള്‍ നേടിയെടുക്കാനും അവ കൃത്യമായി നടപ്പാക്കാനും കഴിയണം. കേന്ദ്രം ഭരിക്കുന്നവരുമായുളള രാഷ്ട്രീയ വ്യത്യാസം അതിന് തടസമല്ല.

ഔദ്യോഗിക യോഗങ്ങള്‍ നടത്തുമ്പോള്‍ നല്ല ഗൃഹപാഠം ചെയ്യണം. വ്യക്തമായ അജണ്ട വേണമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുകളില്‍ വൈകി എത്തുകയും നേരത്തെപോകുകയും ചെയ്യുന്നത് പതിവാക്കിയവരുണ്ട്. ഇക്കാര്യം വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ സംഘടനകളൊന്നും ഈ പ്രവണതയെ അനുകൂലിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നും വകുപ്പുതലവന്‍മാര്‍ മനസിലാക്കണമെന്നും പിണറായി ഓര്‍മിപ്പിച്ചു.