മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

0
49


തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തിലാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

യോഗം നടക്കുന്ന ഹാളില്‍ കളക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസവും തുടക്കത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉടന്‍തന്നെ മാധ്യമങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കോടിയേരിയുടെ വിവാദ യാത്രയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നാണ് കളക്ടര്‍മരുടെ യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്.

മുന്‍പ് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് വിവാദമായിരുന്നു. അന്ന് യോഗം നടക്കുന്ന ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയും ചെയ്തു.