മുത്തലാഖ് ക്രിമിനല്‍ കുറ്റം; നിയമഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം

0
63

ന്യൂഡല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തും. എന്നാല്‍ മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരില്ല. എന്നാല്‍ ഒരേ സമയം മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി ഭേദഗതി ചെയ്യും.

ഭേദഗതിക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 497ാം വകുപ്പിന് അനുബന്ധമായി പുതിയൊരു ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഐപിസി 497-ാം വകുപ്പ് പ്രകാരം പരസ്ത്രീ, പരപുരുഷ ബന്ധങ്ങള്‍ കുറ്റകരമെന്നാണ് കണക്കാക്കുന്നത്. പിഴയോടു കൂടിയോ അല്ലാതെയോ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 22ന് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മുത്തലാക്ക് ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിനുള്ള ബില്‍ മന്ത്രിസഭയുടെ അനുമതിക്കുശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ശരിഅത്ത് പ്രകാരം മൂന്നുവിധത്തിലുള്ള തലാഖ് ചൊല്ലലാണുള്ളത്. തലാഖ്-ഇ-ഹസന്‍, തലാഖ്-ഇ-അഹ്‌സന്‍, തലാഖ്-ഇ-ബിദ്ദത്ത് എന്നിവയാണവ. ഇതില്‍ ആദ്യത്തെ രണ്ടെണ്ണവും സുപ്രീംകോടതി നിരോധിച്ചിട്ടില്ല. ഒരേ സമയം മൂന്നു തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്ന തലാക്ക്-ഇ-ബിദ്ദത്ത് ആണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ശിക്ഷാര്‍ഹമാക്കുംവിധം നിയമമുണ്ടാക്കിയാലേ തങ്ങളുടെ പോരാട്ടം പൂര്‍ണമാവൂ എന്ന് നിലവിലെ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ശായ്റാ ബാനോ, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.